അവധി ദിവസങ്ങളിലും സൗദിയിലെ ജവാസാത്ത് കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും

ജിദ്ദ: വിദേശികള്‍ക്കും സ്വദേശികള്‍ക്കും ആവശ്യമുള്ള അടിയന്തരവും അല്ലാത്തതുമായ എല്ലാ ആവശ്യങ്ങള്‍ക്കുമായി സൗദിയുടെ വിവിധ പ്രവിശ്യകളിലുള്ള എല്ലാ ജവാസാത്ത് ഓഫിസുകളും ഈദ് അവധി ദിനങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്‌പോര്‍ട്ട് അറിയിച്ചു. രാവിലെ 10 മണി മുതല്‍ വൈകുന്നേരം മൂന്ന് മണിവരെയാണ് റമദാനില്‍ ജവാസാത്ത് പ്രവര്‍ത്തിക്കുന്നത്. അതേസമയം ഈദ് അവധി ദിവസങ്ങളില്‍ രാവിലെ എട്ട് മണിമുതല്‍ ഉച്ചക്ക് രണ്ടര മണിവരെയായിരിക്കും പ്രവര്‍ത്തിക്കുക എന്ന് ജവാസാത്ത് അറിയിച്ചതായി സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, കര അതിര്‍ത്തി തുടങ്ങിയ എല്ലാ സ്ഥലങ്ങളിലുമുള്ള പാസ്‌പോര്‍ട്ട് വിഭാഗം ഓഫീസുകളും ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കും.

പുതിയതും പുതുക്കുന്നതുമായ പാസ്‌പോര്‍ട്ടുകളുടെ സേവനങ്ങള്‍ അബ്ഷീര്‍ വഴി ലഭ്യമാക്കും. അത്തരം പാസ്‌പോര്‍ട്ടുകള്‍ തടസ്സമില്ലാതെ ‘വാസല്‍ സേവനം’ വഴി എത്തിച്ചുനല്‍കും. അവധി ദിനങ്ങളില്‍ സൗദി പൗരന്‍മാര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ടുകള്‍ക്ക് ജവാസാത്ത് ഓഫീസുകളില്‍ നേരിട്ട് ചെന്ന് കൈപറ്റാവുന്നതാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ജവാസാത്ത് ഓഫീസുകള്‍ സന്ദര്‍ശിച്ചാല്‍ മതിയെന്നും അല്ലാത്തപക്ഷം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ അബ്ഷീര്‍, ആമല്‍, മുഖീം എന്നീ ഇലക്‌ട്രോണിക്ക് പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ഉപയോഗിക്കണമെന്നും വിദേശികളോടും സ്വദേശികളോടും പാസ്‌പോര്‍ട്ട് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

എമര്‍ജന്‍സി സേവനങ്ങള്‍ക്കായി മദീന പ്രവിശ്യയിലെ ജവാസാത്ത് കേന്ദ്രങ്ങള്‍ ഈദ് അവധി ദിനങ്ങളിലും തുറന്നു പ്രവര്‍ത്തിക്കുമെന്ന് മദീന പാസ്‌പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ ഹുവൈഷിം അറിയിച്ചു.

DONT MISS
Top