രാജ്യസഭാ സീറ്റ്: കോണ്‍ഗ്രസില്‍ കലാപം തുടരുന്നു; കഴിവുകെട്ട നേതൃത്വം മാറണമെന്ന് അനിൽ അക്കര

അനില്‍ അക്കര

തൃശൂര്‍: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് നല്‍കിയതിനെ തുടര്‍ന്നുള്ള കലാപം കോണ്‍ഗ്രസ് കേരള ഘടകത്തില്‍ തുടരുന്നു. കേരളത്തിലെ പാര്‍ട്ടിയില്‍ ഇപ്പോഴുള്ളത് കഴിവ് കെട്ട നേതൃത്വമാണെന്നും നേതൃനിരയില്‍ സമൂല മാറ്റം വേണമെന്നും വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര ആവശ്യപ്പെട്ടു.

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് ഇന്നലെ മറ്റ് അഞ്ച് യുവ എംഎല്‍എമാര്‍ക്കൊപ്പം അനില്‍ അക്കരയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് അയച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് തന്റെ ഫെയ്‌സ്ബുക്കിലാണ് അനില്‍ അക്കര കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ കടുത്ത നിലപാടുമായെത്തിയത്. വിഷയത്തില്‍ മുതിര്‍ന്ന നേതാവ് എകെ ആന്റണി ഇടപെടണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.

നേരത്തെ, രാജ്യസഭാ സീറ്റ് പിജെ കുര്യന് വീണ്ടും നല്‍കരുതെന്നും പുതുമുഖങ്ങളെ രാജ്യസഭയിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് അനില്‍ അക്കരയും നാല് യുവ എംഎല്‍എമാരും രംഗത്തെത്തിയിരുന്നു. യുവ കോണ്‍ഗ്രസ് എംഎല്‍എമാരുടെ പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനമെടുത്തത്.

DONT MISS
Top