പ്രേക്ഷകരെ നിരാശയിലാഴ്ത്തി കാലയും ഫാളന്‍ കിംഗ്ഡവും

ജൂണ്‍ ഏഴാം തിയതി സിനിമാ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ഒരു ദിവസമായിരുന്നു. രണ്ട് വമ്പന്‍ റിലീസുകള്‍ നടന്ന ഇന്നലെ പ്രേക്ഷകര്‍ തിയേറ്ററിലേക്ക് ഒഴുകിയെത്തി. എന്നാല്‍ ഇന്നലെ വൈകിട്ടോടെ തിരക്ക് കുറഞ്ഞിട്ടുണ്ട്. റിലീസ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ വേണ്ടവിധത്തില്‍ സ്വീകരിച്ചില്ല എന്നാണ് മനസിലാക്കേണ്ടത്. കാലയും ഫാളന്‍ കിംഗ്ഡവുമാണ് പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കി പ്രദര്‍ശനത്തിനെത്തിയത്.

പാ രഞ്ജിത്ത് – രജനി ടീമിന്റെ കാലാ വളരെ പ്രതീക്ഷ സൃഷ്ടിച്ച് വന്ന ചിത്രമായിരുന്നു. എന്നാല്‍ പാ രഞ്ജിത്തിന്റെ രാഷ്ട്രീയവും നിലപാടുകളും കൃത്യമായി പ്രതിഫലിച്ചിട്ടുണ്ടെങ്കിലും സിനിമയെന്ന നിലയില്‍ കാലാ പ്രേക്ഷകരെ രസിപ്പിക്കുന്നില്ല എന്നാണ് പൊതുവായ അഭിപ്രായം. നോര്‍ത്ത് ഇന്ത്യന്‍ പൊളിറ്റിക്‌സ് മടുപ്പുണ്ടാക്കുന്നുവെന്നും അഭിപ്രായം ലഭിക്കുന്നു. പ്രായം തളര്‍ത്തിയതുപോലെ ആക്ഷന്‍ രംഗങ്ങളില്‍ രജനി മടുപ്പുളവാക്കുന്നതും സംവിധായകന്റെ മെയ്ക്കിംഗിന് ഒത്ത പ്രേക്ഷകരല്ല രജനിക്ക് ഉള്ളത് എന്നതും ചിത്രത്തെ തിരിച്ചടിക്കുന്നു. എന്നാല്‍ സിനിമയെ ഗൗരവമായി കാണുന്നവര്‍ക്കുള്ള വിഭവങ്ങള്‍ ചിത്രത്തിലുണ്ടുതാനും. ഇത് സാധാരണ പ്രേക്ഷകരെ ആകര്‍ഷിക്കുന്നില്ല.

ജുറാസിക് പാര്‍ക്ക് സീരിസിന്റെ ഗരിമയിലെത്തിയ ജുറാസിക് വേള്‍ഡിന്റെ ഒന്നാം ഭാഗം രസകരമായ സിനിമാ അനുഭവം പകര്‍ന്ന ഓര്‍മയില്‍ തിയേറ്ററിലെത്തുന്ന പ്രേക്ഷകന് നിരാശയാണ് ലഭിക്കുന്നത്. കുത്തിത്തിരുകിയ രംഗങ്ങളുടേയും നിലവാരമില്ലാത്ത തമാശയുടേയും അകമ്പടിയുമുണ്ട്. ചിത്രത്തിന്റെ പാതിയിലേറെയും ഒരു കെട്ടിടത്തില്‍ പുരോഗമിക്കുന്നതും മടുപ്പുളവാക്കുന്നു. ജുറാസിക് പാര്‍ക്ക് സീരിസിലെ ആദ്യ ചിത്രത്തെ പതിവിലേറെ ചുറ്റിപ്പറ്റുന്നതാണ് കഥാപരിസരം. കേരളത്തില്‍ ചിത്രത്തിന്റെ 3ഡി പ്രിന്റുകള്‍ റിലീസിന് ഇല്ലാത്തത് എന്തെന്നും വ്യക്തമല്ല. ഗ്രാഫിക്‌സ് രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്ന ചിത്രം ആഗോള റിലീസിനെത്തുന്നത് 22നാണ്.

DONT MISS
Top