കരിമ്പനി സ്ഥിരീകരിച്ച കൊല്ലം കുളത്തൂപ്പുഴയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു

കൊല്ലം: കരിമ്പനി സ്ഥിരീകരിച്ച കൊല്ലം കുളത്തൂപ്പുഴയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. രോഗം പകർത്തുന്ന മണ്ണീച്ചകളെ നശിപ്പിക്കാനാവശ്യമായ നടപടികളാണ് ആരോഗ്യവകുപ്പ് നടപ്പിലാക്കുന്നത്. കരിമ്പനി ബാധിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആദിവാസി യുവാവിന് ഇന്നലെയാണ് കരിമ്പനി സ്ഥിരീകരിച്ചത്. കുളത്തുപ്പുഴ വില്ലുമല ആദിവാസി ഊരുകൾ കേന്ദ്രീകരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്. രോഗം പരത്തുന്ന മണ്ണീച്ചകളെയും മണ്ണീച്ചകളുടെ മുട്ടയും നശിപ്പിക്കാനാവശ്യമായ ഫോഗിങും മരുന്നുമാണ് പ്രദേശത്ത് തളിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ ഒരാഴ്ച നീണ്ട് നിൽക്കും

അന്യസംസ്ഥാനങ്ങളിൽ കണ്ട് വരുന്ന കരിമ്പനി സംസ്ഥാനത്ത് അപൂർവ്വമായി മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് രോഗം നേരിട്ട് പകരുകയില്ല. രോഗാണുവാഹിയായ മൃഗങ്ങളിൽ നിന്നാണ് മണ്ണീച്ചകൾ രോഗം പരത്തുന്നത്. പ്രതിരോധ പ്രവർത്തനങ്ങളിലൂടെ കരിമ്പനി വ്യാപനം പൂർണമായും തടയാൻ കഴിയുമെന്നും ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്

DONT MISS
Top