അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍? നിലപാട് വ്യക്തമാക്കി ഇടവേള ബാബു

മലയാള താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ എത്തുമെന്ന് സൂചന. ഈ മാസം 24- ന് കൊച്ചിയില്‍ ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് സിനിമ വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് ആ സ്ഥാനത്തേക്ക് മോഹന്‍ലാലിന്റെ പേര് പറഞ്ഞ് കേള്‍ക്കുന്നത്.  എന്നാല്‍ ഇത് സ്ഥിരീകരിക്കാനാവില്ലെന്ന് അമ്മയുടെ സെക്രട്ടറി ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ടിവിയുടെ വെബ്സൈറ്റിനോട് പറഞ്ഞു.

അഞ്ഞൂറില്‍ അധികം അംഗങ്ങളുള്ള അമ്മ സംഘടനയില്‍ ആര്‍ക്കു വേണമെങ്കിലും പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്താമെന്നും അത്തരത്തിലുള്ള സംഘടനയാണ് അമ്മയെന്നും ഇതുവരെ ഇതിനെ സംബധിച്ച് തിരുമാനങ്ങളൊന്നും ആയില്ലെന്നും ഇടവേള ബാബു റിപ്പോര്‍ട്ടറോട് പ്രതികരിച്ചു.

അമ്മയുടെ ജനറല്‍സെക്രട്ടറി സ്ഥാനത്ത് നിന്ന് മമ്മുട്ടി ഒഴിയുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ എത്തുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. അമ്മ പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് നടനും എംപിയുമായ ഇന്നസെന്റ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഏറെനാളായി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന ഇന്നസെന്റ് ഇത്തവണ എന്തായാലും താനുണ്ടാകില്ല എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

ഇന്നസെന്റിന് പകരം യുവതാരങ്ങള്‍ അമ്മയുടെ തലപ്പത്ത് എത്തും എന്നായിരുന്നു സൂചനകള്‍. അതിനിടയിലാണ് മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതായുള്ള സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വരുന്നത്. ഒപ്പം പൊതുസ്ഥലത്ത് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മയുടെ നിലപാടിന് വിഭിന്നമായി പ്രസ്താവനകള്‍ നടത്തിയ പൃഥ്വീരാജ് , രമ്യാ നമ്പീശന്‍ എന്നിവരെ അമ്മയുടെ പ്രധാന സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്നും സ്ഥിരീകരിക്കാത്ത ചില  റിപ്പോര്‍കളുമുണ്ട്.

DONT MISS
Top