തൂത്തുക്കുടി വെടിവെയ്പ്: ഇരകളുടെ കുടുംബത്തെ പളനിസ്വാമി സന്ദര്‍ശിക്കും

എടപ്പാടി കെ പളനിസ്വാമി

ചെന്നൈ: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ജൂണ്‍ ഒമ്പതിന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി സന്ദര്‍ശിക്കും. വെടിവെയ്പിനിടെ പരുക്കേറ്റവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചു.

അതേസമയം തമിഴ് നടന്‍ വിജയ് കഴിഞ്ഞ ദിവസം തൂത്തുക്കുടി വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. മാധ്യമങ്ങളെ അറിയിക്കാതെ ബൈക്കിലെത്തിയ താരം ഇരകളുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ സഹായം നല്‍കുമെന്ന് അറിയിച്ചു. നേരത്തെ രജനീകാന്തും, കമല്‍ ഹാസനും, തൂത്തുക്കുടി ജനറല്‍ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ രജനീകാന്തും വാഗ്ദാനം ചെയ്തിട്ടുണ്ട്.

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് ഇന്റസ്ട്രിയല്‍ പ്ലാന്റുകള്‍ക്കെതിരെ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള പൊലീസിന്റെ വെടിവെപ്പ് ആസൂത്രിതമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും പിന്നാലെ പുറത്തുവന്നിരുന്നു. സമരക്കാരെ പിരിച്ചുവിടാനുള്ള മുന്നറിയിപ്പ് എന്ന നിലയില്‍ ആകാശത്തേയ്ക്ക് വെടിവെയ്ക്കാത്തതും പൊലീസിനെതിരെയുള്ള സംശയം ബലപ്പെടുത്തി.

ഒടുവില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്നതടക്കമുള്ള നിലപാടില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനിന്നതോടെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. ഇതിന് പിന്നാലെ ദില്ലി ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംഭവത്തില്‍ നേരിട്ട് അന്വേഷിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

DONT MISS
Top