നിപ ഭീതി ഒഴിയുന്നില്ല; വയനാട് ജില്ലയിലെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ തിരിച്ചടി; രണ്ടാഴ്ചയ്ക്കുള്ളില്‍ നാല് കോടി രൂപയുടെ നഷ്ടം

വയനാട്: നിപ ആശങ്കയെത്തുടര്‍ന്ന് വയനാട് ജില്ലയിലെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ തിരിച്ചടി. രണ്ടാഴ്ചയ്ക്കുള്ളില്‍ നാല് കോടി രൂപയുടെ നഷ്ടമാണുണ്ടായത്. റിസോട്ടുകളിലും ഹോട്ടലുകളിലും റൂമുകള്‍ ബുക്ക് ചെയ്ത ഭൂരിപക്ഷം പേരും ബുക്കിംഗ് ക്യാന്‍സല്‍ ചെയ്തു.

നിപ ഭീതി കാരണം വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ ഇടിവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്. അവധിക്കാലമായ ഏപ്രില്‍ മെയ് മാസങ്ങളിലാണ് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില് കൂടുതല്‍ തിരക്കുണ്ടാകാറുള്ളത്. മറ്റ് ജില്ലകളില്‍ നിന്നും കര്‍ണാടക, തമിഴ്‌നാട് എന്നിവടങ്ങളില്‍ നിന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ് കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്താറുള്ളത്.

നിപ ആശങ്കകള്‍ വര്‍ദ്ധിച്ചതോടെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും റൂമുകള്‍ ബുക്ക് ചെയ്തിരുന്നവര്‍ മുഴുവന്‍ വിളിച്ച് ബുക്കിംഗ് ക്യാന്‍സല്‍ ചെയ്തിരിക്കുകയാണ്. സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് ഭീതി വര്‍ദ്ധിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതര്‍ പറയുന്നു.

കുറുവ ദ്വീപ്, ബാണാസുര ഡാം, ഇടക്കല്‍ ഗുഹ, തുടങ്ങിയ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ എണ്ണത്തില്‍് വന്‍ കുറവാണ് അനുഭവപ്പെടുന്നത്. ഇതോടെ ടൂറിസം രംഗവുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവരും പ്രതിസന്ധിയിലായിരിക്കുകയാണ്. ജില്ലാഭരണകൂടം ഇടപെട്ട് ശക്തമായ ഭോധവല്‍ക്കരണം നടത്തണമെന്നാണ് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യം.

DONT MISS
Top