ഒടുവില്‍ ‘വീട്ടിലേക്ക്’ മടങ്ങി റിനോ ആന്റോ; വീഡിയോ ശ്രദ്ധേയമാകുന്നു

കൊച്ചി: ബ്ലാസ്റ്റേഴ്‌സ് വിട്ട റിനോ ആന്റോ ഒടുവില്‍ മുന്‍ ക്ലബ്ബായ ബംഗളുരു എഫ്‌സിയിലേക്ക് തന്നെ മടങ്ങി. ക്ലബ്ബിലേക്ക് മടങ്ങുന്ന റിനോ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുന്നതായാണ് ബംഗളുരു പുറത്തുവിട്ട വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. മലയാളത്തിലുള്ള വീഡിയോ ഇതിനോടകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.

നാട്ടില്‍ നിന്ന് റിനോ വണ്ടികേറുന്നതോടെയാണ് വിഡിയോ ആരംഭിക്കുന്നത്. നിങ്ങള്‍ക്ക് വീടെന്ന് പറഞ്ഞാല്‍ ചുറ്റുപാട്, ഭക്ഷണം എന്നിവയൊക്കെയാണ്, എന്നാല്‍ എനിക്ക് വീടെന്നാല്‍ തന്നെ കൂടുതല്‍ ആള്‍ക്കാര്‍ സ്‌നേഹിക്കുന്ന, കൂടുതല്‍ സമയം ചെലവഴിക്കുന്ന, ഞാന്‍ സ്വപ്‌നം കാണുന്ന സ്ഥലമാണെന്ന് താരം പറയുന്നു. ബംഗളുരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ എത്തുന്നതോടെ അവസാനിക്കുന്ന വീഡിയോയില്‍ അങ്ങനെ ഞാന്‍ എന്റെ വീട് കണ്ടെത്തിയെന്നും റിനോ കൂട്ടിച്ചേര്‍ക്കുന്നു. നേരത്തെ 2013 ലാണ് റിനോ ബംഗളുരുവിനായി ബൂട്ടുകെട്ടിയത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന റിനോ ദിവസങ്ങള്‍ക്ക് മുന്‍പാണ് ക്ലബ്ബ് വിടുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മനോഹരമായ രണ്ട് സീസണ്‍ സമ്മാനിച്ച ബ്ലാസ്റ്റേഴ്സിനോട് ഗുഡ്ബൈ പറയുന്നതായി റിനോ ഫെയ്സ്ബുക്കില്‍ കുറിച്ചു. മികച്ച താരങ്ങളേയും പരിശീലകരെയും പരിചയപ്പെടാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് പറഞ്ഞ റിനോ എല്ലാ സന്ദര്‍ഭത്തിലും കൂടെ നിന്ന ആരാധകരുടെ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി അറിയിക്കാനും മറന്നില്ല. തന്റെ ജീവിതത്തിലും കരിയറിലും ബ്ലാസ്റ്റേഴ്സ് പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നുവെന്നും ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.

DONT MISS
Top