‘വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടല്ല സംസ്ഥാന സര്‍ക്കാരിന്റേത്’; പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടിയേരി

കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടല്ല സംസ്ഥാന സര്‍ക്കാരിന്റേതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊലീസില്‍ അരാജകത്വം നിലനിന്നിരുന്നുവെന്ന് പറഞ്ഞ കോടിയേരി എല്‍ഡിഎഫ് സര്‍ക്കാര്‍ അത് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

‘കേരള പൊലീസിലെ ചെറിയൊരു വിഭാഗം ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള അജണ്ടയുടെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊലീസിലെ ഇത്തരം ക്രിമിനലുകള്‍ക്ക് എതിരെ പിരിച്ചു വിടല്‍ ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം,’ കോടിയേരി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഒരു തരത്തിലും മങ്ങല്‍ ഏറ്റിട്ടില്ല. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊലീസ് ഇടപെടും. എന്നാല്‍ സര്‍ക്കാര്‍ അത്തരം വിഷയങ്ങളോട് സ്വീകരിക്കുന്ന നിലപാടാണ് വിലയിരുത്തേണ്ടത്. സര്‍ക്കാര്‍ ജനങ്ങളുടെ പക്ഷത്താണ്. വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടല്ല സംസ്ഥാന സര്‍ക്കാരിന്റേത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊലീസ് അസോസിയേഷന്‍ തലപ്പത്തുണ്ടായിരുന്ന ചിലരാണ് ഇപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊലീസില്‍ അരാജകത്വം നിലനിന്നിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അത് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. പൊലീസ് ആക്റ്റ് അനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിക്കേണ്ടത്. അത് അനുസരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചേ മതിയാവൂ, കോടിയേരി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top