മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പത്ത് ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതളളുമെന്ന് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പത്ത് ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും എന്ന് രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ മന്‍സോറില്‍ നടന്ന രക്തസാക്ഷിദിനാചരണത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില നല്‍കും എന്നും ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കും എന്നും രാഹുല്‍ ഗാന്ധി കര്‍ഷകര്‍ക്ക് വാഗ്ദാനം നല്‍കി. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. പണക്കാര്‍ക്കൊപ്പമാണ് മോദി എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയിലെ പണക്കാരുടെ ലോണുകള്‍ മോദി എഴുതിതള്ളുന്നു. എന്നാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളനാണ് ഞാന്‍ മോദിയോട് ആവശ്യപ്പെടുന്നത്. എന്നാല്‍ മൗനമായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ വര്‍ഷമായിരുന്നു മധ്യപ്രദേശില്‍ പൊലീസ് വെടിവയ്പ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട കര്‍ഷകരുടെ മൂന്ന് കുടുംബാംഗങ്ങള്‍ രാഹുല്‍ ഗാന്ധിയോടൊപ്പം ചടങ്ങില്‍ വേദി പങ്കിട്ടു.

DONT MISS
Top