ആംബുലന്‍സ് സൗകര്യം ഇല്ല, അട്ടപ്പാടിയില്‍ ഗര്‍ഭിണിയായ ആദിവാസി യുവതിയെ ആശുപത്രിയില്‍ എത്തിച്ചത് കമ്പില്‍ക്കെട്ടി ചുമന്ന്

അഗളി: ആംബുലന്‍സ് സൗകര്യം ലഭിക്കാത്തതിനാല്‍ അട്ടപ്പാടിയില്‍ ഗര്‍ഭിണിയായ ആദിവാസി യുവതിയെ ആശുപത്രിയില്‍ എത്തിച്ചത് കമ്പില്‍ തുണി കെട്ടി ചുമന്ന്. അട്ടപ്പാടി ഇടവാണി ഊരിലെ ഗര്‍ഭിണിയെയാണ് പ്രസവത്തിനായി തുണികെട്ടി എടുത്തുകൊണ്ട് പോകേണ്ടി വന്നത്. പ്രദേശത്തെ ആംബുലന്‍സ് പ്രവര്‍ത്തനരഹിതമെന്നാണ് അധികൃതരുടെ വിശദീകരണം.


അട്ടപ്പാടി ഇടവാണി ഊരിലെ ഗര്‍ഭിണിയായ ആദിവാസി യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി നിരവധി തവണ ഊരുവാസികള്‍ പുത്തൂര്‍ പിഎച്ച്‌സി ആംബുലന്‍സ് വിളിച്ചെങ്കിലും എത്തിയില്ല. ഇടവാണി പുഴയുടെ സമീപമുള്ള ഊരിലേക്ക് ഗതാഗതസൗകര്യം ഇല്ലാത്തതിനാല്‍ പുഴക്ക് അക്കരെ വരെ മാത്രമേ വാഹനം എത്തു.


അവിടെവരെ യുവതിയെ എത്തിച്ച ബന്ധുക്കള്‍ഏറെനേരം ആംബുലന്‍സിനായി കാത്തിരുന്നെങ്കിലും വാഹനം എത്താത്തതിനെ തുടര്‍ന്ന് തുണികെട്ടിയ കമ്പില്‍ ചുമന്ന് യുവതിയെ വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പുത്തൂര്‍ പിഎച്ച്‌സി ആംബുലന്‍സ് പ്രവര്‍ത്തനരഹിതമാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പിഎച്ച്‌സിയില്‍ എത്തിച്ച യുവതിയെ പിന്നീട് കുടുംബശ്രീയുടെ ജീപ്പെത്തിയാണ് അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചത്.

DONT MISS
Top