മാസ് ചിത്രവുമായി ഒമര്‍ ലുലു എത്തുന്നു, നായകന്‍ ബാബു ആന്റണി


വെറും മൂന്ന് ചിത്രങ്ങള്‍ കൊണ്ടുതന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ സംവിധായകന്‍ ഒമര്‍ ലുലു തന്റെ നാലാം ചിത്രം പ്രഖ്യാപിച്ചു. ബിഗ് ബജറ്റ് മാസ് ചിത്രവുമായാണ് ഒമര്‍ ഇത്തവണ എത്തുന്നത്. പവര്‍ സ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പഴയ ആക്ഷന്‍ ഹീറോ ബാബു ആന്റണിയാണ് നായകനായെത്തുന്നത്.

അടുത്ത വര്‍ഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഒരു പക്കാ മാസ് പടമായിരിക്കും ഇതെന്ന് ഒമര്‍ പറഞ്ഞു. ഹോളിവുഡില്‍ നിന്നുള്ള സ്റ്റണ്ട് മാസ്റ്റഴ്‌സ് ആകും ചിത്രത്തിനായി ആക്ഷന്‍ ഒരുക്കുക. ബാബു ആന്റണിക്ക് ഒരു ഗംഭീര തിരിച്ചുവരവ് ആയിരിക്കും ചിത്രമെന്നും ഒമര്‍ പറഞ്ഞു.

മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസിന്റെ നിര്‍മാതാവ് സിഎച്ച് മുഹമ്മദ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ സാരംഗ് ജയപ്രകാശ്, ലിജോ പാണാടന്‍, വേണു ഒ വി എന്നിവരാണ് തയ്യാറാക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവി പ്രതിനിധി വിഎസ് ഹൈദര്‍ അലിയോടാണ് ഒമര്‍ തന്റെ പുതിയ ചിത്രത്തെ കുറിച്ച് ആദ്യമായി മനസ് തുറന്നത്.

അഡാര്‍ ലൗ എന്നചിത്രം തിയേറ്ററുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ തരംഗമായിരിക്കുന്നതിനിടയിലാണ് ഒമര്‍ തന്റെ പുതിയ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ഒമറിന്റെ നാലാമത്തെ ചിത്രമാണിത്. നേരത്തെ ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് എന്നീ ചിത്രങ്ങളാണ് തിയേറ്ററിലെത്തിയത്. അഡാര്‍ ലൗ ഉടന്‍ തിയേറ്ററുകളിലെത്തും. ഈ ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം ലോകമെമ്പാടും തരംഗമായി മാറിയിരുന്നു.

DONT MISS
Top