സന്ദര്‍ശന ലക്ഷ്യം 2019 ലെ തെരഞ്ഞെടുപ്പ്; അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകള്‍ ശേഷിക്കെ ബിജെപിയെ വിമര്‍ശിച്ച് ശിവസേന

ഉദ്ധവ് താക്കറെ

മുംബൈ: അമിഷ് ഷാ കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബിജെപിയുടെ സമ്പര്‍ക്ക പരിപാടിയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയലിലാണ് ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. 2019 ലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് അമിത് ഷാ സന്ദര്‍ശനം നടത്തുന്നത് എന്നാണ് ശിവസേനയുടെ പ്രധാന വിമര്‍ശനം.

ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും മോശം പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. പല്‍ഘാര്‍ ഉപതെരഞ്ഞെടുപ്പില്‍ ശിവസേന ശക്തിതെളിയിച്ചിരുന്നു. അതിനാല്‍ 2019 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് എന്‍ഡിഎ സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തുന്നത് എന്ന് എഡിറ്റോറിയലില്‍ പറയുന്നു.

രാജ്യാന്തര തലത്തിലുള്ള സമ്പര്‍ക്ക പരിപാടികളാണ് പാര്‍ട്ടിയുടെ ലക്ഷ്യം. അതിന്റെ ഭാഗമായി മോദി വിദേശ രാജ്യങ്ങളില്‍ ടൂറിലാണ്. അമിത് ഷാ സ്വദേശത്തും കൂടിക്കാഴ്ചകള്‍ നടത്തുകയാണ്. രാജ്യത്തെ ജനങ്ങളുമായുള്ള ബന്ധം ബിജെപിക്ക് നഷ്ടമായി. കൂടാതെ ബിജെപി തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പോസ്റ്റര്‍ ബോയ്‌സിനെയാണ് ആശ്രയിക്കുന്നതെന്നും സാമ്‌ന കുറ്റപ്പെടുത്തുന്നു.

രാജ്യത്തുണ്ടായ പെട്രോള്‍ വില വര്‍ദ്ധനയേയും കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ നയങ്ങളേയും എഡിറ്റോറിയല്‍ ചോദ്യം ചെയ്യുന്നു. പെട്രോള്‍ വില വര്‍ദ്ധിച്ചപ്പോള്‍ അതില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. കര്‍ഷകര്‍ സമരം ചെയ്തപ്പോള്‍ അവരോട് സംസാരിക്കാനും സര്‍ക്കാര്‍ തയ്യാറായില്ലെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.

DONT MISS
Top