പലസ്തീനോട് ഐക്യദാര്‍ഢ്യം, ഇസ്രയേലിനെതിരായ സൗഹൃദമത്സരം അര്‍ജന്റീന ഉപേക്ഷിച്ചു

ലോകകപ്പിന് മുന്നോടിയായി ഇസ്രയേലുമായി നിശ്ചയിച്ചിരുന്ന സൗഹൃദമത്സരം അര്‍ജന്റീന ഉപേക്ഷിച്ചു. ഗാസയില്‍ പലസ്തീന്‍കാര്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചന. ശനിയാഴ്ച ജെറുസലേമിലാണ് മത്സരം നടക്കേണ്ടിയിരുന്നത്. അതേസമയം, മത്സരം ഉപേക്ഷിച്ചതിനെ കുറിച്ച് ഇസ്രയേല്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

അര്‍ജന്റീന മത്സരം ഉപേക്ഷിച്ചതായി ടീമിന്റെ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയിന്‍ സ്ഥിരീകരിച്ചതായി അന്താരാഷ്ട്രമാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇഎസ്പിഎന്‍ സ്‌പോര്‍ട്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹിഗ്വെയിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. “ഒടുവില്‍ അവര്‍ ശരിയായ കാര്യം ചെയ്തു”. അഭിമുഖത്തില്‍ ഹിഗ്വെയിന്‍ പറഞ്ഞു.

പ്രശ്‌നം പരിഹരിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അര്‍ജന്റീന പ്രസിഡന്റ് മൗറീഷ്യോ മക്രിയുമായി ഫോണില്‍ ബന്ധപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം 15 ന് റഷ്യയില്‍ ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള അര്‍ജന്റീനയുടെ അവസാന സൗഹൃദമത്സരമായിരുന്നു ഇസ്രയേലിന് എതിരെയുള്ളത്.

അതേസമയം, അര്‍ജന്റീനയുടെ തീരുമാനത്തെ സന്തോഷത്തോടെയാണ് ഗാസ സ്വീകരിച്ചത്. റാമള്ള, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളില്‍ അര്‍ജന്റീന താരം ലയണല്‍ മെസിക്കും സംഘത്തിനും നന്ദി അറിയിച്ചുകൊണ്ടുള്ള പ്രസ്താവന പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വിതരണം ചെയ്തു.

അടുത്തിടെ ഗാസയില്‍ നടന്ന പ്രതിഷേധസമരങ്ങളില്‍ 120 ഓളം പലസ്തീന്‍ സ്വദേശികളാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

DONT MISS
Top