സമരം ശക്തിപ്പെടുത്തി കര്‍ഷകര്‍; ജൂണ്‍ 10 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കിസാന്‍ മഹാസംഘ്

ദില്ലി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ നടത്തിവരുന്ന സമരം ശക്തമാകുന്നതിനിടെ ജൂണ്‍ പത്തിന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ഭാരത്ബന്ദിന് ആഹ്വാനം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെയാണ് കര്‍ഷകരുടെ പ്രതിഷേധം. ഭാരത്ബന്ദിന് മുന്നോടിയായി രാഷ്ടപതിക്കും സംസ്ഥാന ഗവര്‍ണര്‍ക്കും കിസാന്‍ മഹാസംഘ് നിവേദനം സമര്‍പ്പിക്കും.

ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കണം കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണം എന്നിവയാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് സമരം ശക്തിയാര്‍ജ്ജിച്ചിരിക്കുന്നത്. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന സമരത്തിനാണ് കര്‍ഷകര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. പാലും പച്ചക്കറികളും റോഡിലൊഴുക്കുകയും വലിച്ചെറിയുകയും ചെയ്യുന്നതിന് പകരം ആശുപത്രികള്‍ക്കും അനാഥാലയങ്ങള്‍ക്കും വിതരണം ചെയ്യാന്‍ സമരക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

നേരത്തെ തങ്ങളുടെ ഉത്പന്നങ്ങള്‍ റോഡുകളിലേക്ക് വലിച്ചെറിഞ്ഞായിരുന്നു കര്‍ഷരുടെ പ്രതിഷേധം. നഗരങ്ങളിലേക്ക് പച്ചക്കറി കയറ്റി അയക്കുന്നത് കര്‍ഷകര്‍ താല്ക്കാലികമായി നിര്‍ത്തിവച്ചത് വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. അതേസമയം സമരം ആറാം ദിവസത്തിലേക്ക് കടന്നിട്ടും സര്‍ക്കാരുകളുടെ അവഗണന തുടരുകയാണ്.

DONT MISS
Top