നിപയിലും കുലുങ്ങാതെ മെഗാസ്റ്റാര്‍ ചിത്രം, റിലീസ് മാറ്റിവയ്ക്കില്ലെന്ന് നിര്‍മാതാവ്; നീരാളി റിലീസ് ജൂലൈ മാസത്തിലേക്ക് മാറ്റി


നിപ എന്ന രോഗം ഭയക്കേണ്ടതോ നിയന്ത്രണത്തിനപ്പുറം പോയതോ അല്ല എന്ന വസ്തുത തമസ്‌കരിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലും വാട്‌സാപ്പ് ഗ്രൂപ്പുകളിലും വ്യാജ പ്രചരണം പൊടിപൊടിച്ചത്. കോഴിക്കോട് നിരത്തുകളിലും ആശുപത്രികളിലും പോലും തിരക്ക് ഇക്കാരണത്താല്‍ കുറഞ്ഞിരിക്കുകയാണ്. സ്വാഭാവികമായും ചലച്ചിത്ര വ്യവസായത്തേയും ഇത് ബാധിക്കുമോ എന്ന ഭീതിയിലാണ് നിര്‍മാതാക്കള്‍.

മോഹന്‍ലാലിന്റെ നീരാളി, മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍, പൃഥ്വിരാജ്-പാര്‍വതി കൂട്ടുകെട്ടിലെ മൈ സ്റ്റോറി, ടോവിനോയുടെ മറഡോണ, ടോവിനോയുടെതന്നെ തീവണ്ടി, ജയസൂര്യയുടെ ഏറെ പ്രതീക്ഷയുണര്‍ന്നുന്ന ചിത്രം ഞാന്‍ മേരിക്കുട്ടി എന്നിവയാണ് ഈ മാസം നിശ്ചയിച്ചിരിക്കുന്ന പ്രധാന റിലീസുകള്‍.

തീവണ്ടിയും മറ്റും ഈ മാസം അവസാനം എത്തുന്നതിനാല്‍ കാര്യങ്ങള്‍ അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍ മറ്റുചിത്രങ്ങള്‍ ഈ മാസം ആദ്യ പകുതിയില്‍ റിലീസ് നിശ്ചയിച്ചവയാണ്. ഇവ മുന്‍നിശ്ചയിച്ച പ്രകാരം പുറത്തിറങ്ങുമോ എന്നകാര്യം ഇതുവരെയും തീരുമാനിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രം ഈ മാസം 16നുതന്നെ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

എന്നാല്‍ മോഹന്‍ലാല്‍ ചിത്രം നീരാളി ജൂലൈ മാസത്തിലേക്ക് റിലീസ് നീട്ടി. ജൂലൈ 12ലേക്ക് റിലീസ് ചെയ്യാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ആളുകളിലെ നിപ ഭീതി കളക്ഷനെ ബാധിക്കുമോ എന്നത് പരിഗണിച്ചുവെന്ന് സംവിധായകന്‍ അജോയ് വര്‍മ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

എന്നാല്‍ വമ്പന്‍ റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രം കാലാ ഏഴാം തിയതിതന്നെ തിയേറ്ററിലെത്തും. ഹോളിവുഡ് സീരിസ് ജുറാസിക് വേള്‍ഡിന്റെ രണ്ടാം ഭാഗം ഫാളന്‍ കിംഗ്ഡവും ഏഴാം തിയതി തിയേറ്ററിലെത്തും. ഇരുചിത്രങ്ങളുടേയും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

DONT MISS
Top