‘കാലാവസ്ഥാ വ്യതിയാനം മറികടക്കാന്‍ ശക്തമായ ഇടപെടലുകള്‍ക്കാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്’; പച്ചപ്പിന്റെ വീണ്ടെടുപ്പ് എന്നത് പരിസ്ഥിതി ദിനത്തിലെ കേവലമായ ഒരു ചിന്ത മാത്രമല്ലെന്നും മുഖ്യമന്ത്രി

പിണറായി വിജയന്‍

കൊച്ചി: പച്ചപ്പിന്റെ വീണ്ടെടുപ്പ് എന്നത് സര്‍ക്കാറിനെ സംബന്ധിച്ച് പരിസ്ഥിതി ദിനത്തിലെ കേവലമായ ഒരു ചിന്ത മാത്രമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിത കേരളാ മിഷന്‍ പദ്ധതികള്‍ ആ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാന്‍ ശക്തമായ ഇടപെടലുകള്‍ക്കാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോക പരിസ്ഥിതി ദിനമാണ് ഇന്ന്. പ്രകൃതിയോടുള്ള മനുഷ്യന്റെ ഉത്തരവാദിത്തം ഓര്‍മ്മപ്പെടുത്തുന്ന ദിനം. സംസ്ഥാനത്തിന്റെ പരിസ്ഥിതി മേഖലയെ സംബന്ധിച്ച പരിശോധന നടത്തി ഒരു ധവളപത്രം സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. കേരളത്തിന്റെ പ്രകൃതിയെ നിലനിര്‍ത്തേണ്ടതിന്റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു ധവളപത്രം, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പച്ചപ്പിന്റെ വീണ്ടെടുപ്പ് എന്നത് സര്‍ക്കാറിനെ സംബന്ധിച്ച് പരിസ്ഥിതി ദിനത്തിലെ കേവലമായ ഒരു ചിന്ത മാത്രമല്ല. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജനകീയ പങ്കാളിത്തം ഉറപ്പാക്കി ഹരിത കേരളാ മിഷന്‍ നടപ്പാക്കിയ പദ്ധതികള്‍ ആ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പായിരുന്നു. 10 നദികളെ ശുചിയാക്കി പുനരുജ്ജീവിപ്പിച്ചു എന്നത് പത്ത് ആവാസ വ്യവസ്ഥയെ വീണ്ടെടുക്കലായിരുന്നു. തരിശായിരുന്ന ഭൂമിയില്‍ വിത്തെറിഞ്ഞപ്പോള്‍ നാം പുതിയ ആവാസവ്യവസ്ഥയെ കെട്ടിപ്പടുക്കുകയാണ് ചെയ്തത്. കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാന്‍ കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ക്കാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

പരിസ്ഥിതിയും വികസനവും രണ്ട് ധ്രുവങ്ങളിലേക്ക് അകറ്റി നിര്‍ത്താനും ശ്രമിച്ചിട്ടില്ല. വികസന കാഴ്ചപ്പാടുകള്‍ക്കൊപ്പം തന്നെ പരിസ്ഥിതി സൗഹൃദമാകാനുള്ള ഇടപെടലും നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മുഴുവന്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുകയാണ്. മൂന്ന് കോടി വൃക്ഷതൈ സംസ്ഥാനമെമ്പാടും വച്ചു പിടിപ്പിക്കാനാണ് തീരുമാനം. വൃക്ഷതൈ നടുന്നതില്‍ മാത്രമല്ല പരിസ്ഥിതിയോടുള്ള സ്‌നേഹം, അത് പരിപാലിക്കുന്നതില്‍ കൂടിയാണ്, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top