നിപയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം, സര്‍ക്കാരിന്റെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരന്തഭീതിയിലാഴ്ത്തിയ നിപ ബാധയെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഉച്ചയ്ക്ക് 12.30 ന് അടിയന്തരപ്രമേയ ചര്‍ച്ച ആരംഭിക്കും. പ്രതിപക്ഷ ഉപനേതാവ് എംകെ മുനീറാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇതാദ്യമായാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ഒരു അടിയന്തരപ്രമേയത്തിന് അനുമതി ലഭിക്കുന്നത്.

നിപയെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ തെറ്റായ പ്രചരണം നടക്കുകയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സഭയിലെ ഇന്നത്തെ എല്ലാ നടപടിക്രമങ്ങളും മാറ്റിവച്ചാണ് ചര്‍ച്ച നടക്കുന്നത്. അടിയന്തരപ്രമേയത്തിന് അനുമതി നല്‍കിയതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ സഭയില്‍ നടത്താനിരുന്ന പ്രസ്താവന ഉപേക്ഷിച്ചു. നിയമസഭാചട്ടം 300 അനുസരിച്ചാണ് മന്ത്രി പ്രത്യേക പ്രസ്താവന നടത്താനിരുന്നത്.

അതേസമയം, എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിപക്ഷം സഭ പ്രക്ഷുബ്ധമാക്കി. എന്തടിസ്ഥാനത്തിലാണ് തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവം പുറത്തുകൊണ്ടുവന്ന വ്യക്തിക്കെതിരെ പോക്‌സോ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ അന്വേഷണത്തില്‍ വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം തിയേറ്റര്‍ ഉടമയ്‌ക്കെതിരെ കേസെടുത്തിരിക്കുകയാണ്. ഇത് അപകടകരമായ സ്ഥിതിവിശേഷമാണ്. ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തിരാകാതെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

DONT MISS
Top