‘ഈ പിന്തുണ മതി മൈതാനത്ത് ജീവന്‍ സമര്‍പ്പിച്ചും ഞങ്ങള്‍ കളിക്കും’; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സുനില്‍ ഛേത്രി

മുംബൈ: ഇത്തരത്തില്‍ എന്നും പിന്തുണ ലഭിക്കുകയാണെങ്കില്‍ മൈതാനത്ത് ജീവന്‍ സമര്‍പ്പിച്ചും ഞങ്ങള്‍ കളിക്കുമെന്ന് ആരാധകരോട് സുനില്‍ ഛേത്രി. ഇന്നലെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ കെനിയക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് നിറഞ്ഞ ഗ്യാലറിയില്‍ ടീമിന്റെ കളി കാണാനെത്തിയ ആരാധകരോട് നന്ദി പറഞ്ഞുകൊണ്ട് താരം രംഗത്തെത്തിയത്.

ഞങ്ങള്‍ ഉറപ്പുതരുന്നു രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ ഇത്തരത്തിലുള്ള പിന്തുണയാണ് എല്ലായ്‌പ്പോഴും ഞങ്ങള്‍ക്ക് ലഭിക്കുന്നതെങ്കില്‍, മൈതാനത്ത് ജീവന്‍ സമര്‍പ്പിച്ചും ഞങ്ങള്‍ കളിക്കും. ഇന്ത്യാ, ഈ രാത്രി ഏറെ പ്രിയപ്പെട്ടതാണ്, കാരണം നമ്മളെല്ലാവരും ഒരുമിച്ചായിരുന്നു. ഗ്യാലറിയില്‍ ആര്‍പ്പുവിളിച്ചവര്‍ക്കും വീട്ടിലിരുന്ന് കളി കണ്ടവര്‍ക്കും നന്ദി, ഛേത്രി കുറിച്ചു.

ആരാധകരോട് സ്റ്റേഡിയങ്ങളിലെത്താന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു ഛേത്രി ഇന്നലെ തന്റെ നൂറാം മത്സരത്തിനിറങ്ങിയത്. ഞങ്ങളെ കളിയാക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്തോളൂ, പക്ഷെ ഇന്ത്യന്‍ ടീമിന്റെ കളികാണാന്‍ വരണമെന്നായിരുന്നു ആരാധകരോട് താരത്തിന്റെ അപേക്ഷ. ഇന്ത്യന്‍ ഫുട്ബോളിന് ഇത് നിര്‍ണായക സമയമാണെന്നും ടീമിന് നിങ്ങളുടെ പിന്തുണ ആവശ്യമുണ്ടെന്നും നായകന്‍ വ്യക്തമാക്കി ഛേത്രിക്ക് പിന്നാലെ പിന്തുണ ആവശ്യപ്പെട്ട് വിരാട് കോഹ്‌ലിയും, സച്ചിന്‍ ടെന്‍ഡുല്‍ക്കറും രംഗത്തെത്തിയിരുന്നു.

ഛേത്രിയുടെ വാക്കുകള്‍ അര്‍ത്ഥവത്താകുന്ന കാഴ്ചയായിരുന്നു മുംബൈ ഫുട്‌ബോള്‍ അരീനയില്‍ ഇന്നലെ കാണാനായത്. ഇന്ത്യന്‍ ടീമിനെ പിന്തുണയ്ക്കാന്‍ കാണികള്‍ ഒഴുകിയെത്തി. തോരാത്ത മഴയിലും ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മൂകമായിരുന്ന സ്റ്റേഡിയങ്ങള്‍ ഇന്ത്യയ്ക്കായി ആര്‍പ്പുവിളിച്ചു. നിലവില്‍ കളിക്കുന്ന ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ലോകതാരങ്ങളുടെ നിലവാരത്തിലേക്ക് കടന്ന ഛേത്രിയെ കാണികള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.

ഇന്ത്യയ്ക്കുവേണ്ടി ഛേത്രി രണ്ടും ജെജെ ഒരു ഗോളും നേടി. ഗോള്‍രഹിതമായ ഒന്നാം പകുതിക്ക് ശേഷം 68-ാം മിനുട്ടിലാണ് ആദ്യ ഗോള്‍ പിറന്നത്. തന്നെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഛേത്രി അനായാസം വലയിലെത്തിച്ചു. മൂന്നു മിനുട്ടുകള്‍ക്കകം ജെജെയും വലകുലുക്കി. എക്സ്ട്രാ ടൈമില്‍ രണ്ടാം ഗോള്‍ നേടിയ ഛേത്രി കെനിയയെ നിഷ്പ്രഭരാക്കി. കേരളാ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനും മികച്ച പ്രകടനവുമായി മുന്നില്‍ നിന്നു. ജിങ്കന്‍ തന്നെയാണ് കളിയിലെ താരവും. നേരത്തെ നൂറാം മത്സരത്തിനിറങ്ങിയ ഛേത്രിയെ കളി തുടങ്ങുന്നതിന് മുന്‍പ് ഇതിഹാസ താരങ്ങളായ ബൈച്ചുങ് ബൂട്ടിയയും ഐഎം വിജയനും ചേര്‍ന്ന് ആദരിച്ചിരുന്നു.

DONT MISS
Top