എടപ്പാള്‍ പീഡനം: തിയേറ്റര്‍ ഉടമയ്‌ക്കെതിരേ കേസെടുത്ത സംഭവത്തില്‍ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

ഫയല്‍ ചിത്രം

തിരുവനന്തപുരം: മലപ്പുറം എടപ്പാളില്‍ തിയറ്ററില്‍ വച്ച് പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ തിയേറ്റര്‍ ഉടമയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. എടപ്പാള്‍ ചങ്ങരംകുളം ശാരദാ തിയേറ്റര്‍ ഉടമ സതീഷീനെ ഇന്നലെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

ഏപ്രില്‍ 18 നാണ് തിയേറ്ററില്‍ അമ്മയ്‌ക്കൊപ്പമെത്തിയ പത്തുവയസുകാരിക്ക് പീഡനമേറ്റത്. ഈ സംഭവം ചൈല്‍ഡ് ലൈനില്‍ അറിയിച്ചതിനെതുടര്‍ന്ന് മാധ്യമങ്ങളില്‍ വരുകയും തുടര്‍ന്ന് കുട്ടിയെ പീഡിപ്പിച്ച പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തിയേറ്ററിലെ പീഡനവിവരം അറിഞ്ഞിട്ടും അത് പൊലീസിനെ അറിയിച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് തിയേറ്റര്‍ ഉടമ സതീഷിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. പത്ത് തവണയോളം സതീഷിനെയും തീയേറ്ററിലെ ജീവനക്കാരേയും ചോദ്യം ചെയ്തതിന് ശേഷം ഇന്നലെ സതീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പീഡനവിവരം അറിഞ്ഞിട്ടും അത് പൊലീസിനെ അറിയിക്കാതെ മറച്ചുവെച്ചെന്ന പോക്‌സോ നിയമത്തിലെ വകുപ്പ് പ്രകാരമാണ് പൊലീസ് സതീഷിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.  ഈ സംഭവമാണ് ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചത്.

സബ്മിഷനായാണ് പ്രതിപക്ഷം വിഷയം സഭയില്‍ കൊണ്ടുവന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് സബ്മിഷന്‍ അവതരിപ്പിച്ചത്. ഇതില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞെങ്കിലും ഇതില്‍ പ്രതിപക്ഷം തൃപ്തരായില്ല. തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടിയുണ്ടാകുമെന്നുമായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. നിയമോപദേശം കിട്ടാതെ ആഭ്യന്തരവകുപ്പിന് നടപടികളൊന്നും സ്വീകരിക്കാനാകില്ലെയെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ചോദിച്ചു. ഇരുവരും തമ്മില്‍ ഏതാനും സമയം വാക്‌പോര് തുടരുകയും ചെയ്തു. ഇതിന് ഒടുവില്‍ പ്രതിപക്ഷം നിയസഭയുടെ നടുത്തളത്തില്‍ മൂന്ന് മിനിറ്റോളം കുത്തിയിരുന്നു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

അതേസമയം, തിയേറ്റര്‍ പീഡന സംഭവം പുറംലോകത്തെത്തിച്ച തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത അതൃപ്തിയിലാണെന്നാണ് വിവരം. ഏപ്രില്‍ 18 നാണ് മൊയ്ദീന്‍കുട്ടി എടപ്പാള്‍ ശാരദാ തിയേറ്ററില്‍ വച്ച് കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് വിവരം സിസിടിവിയിലൂടെ ശ്രദ്ധയില്‍പ്പെട്ട തിയേറ്റര്‍ അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുകയായിരുന്നു. ഏപ്രില്‍ 26 ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വിഷയം ചങ്ങരംകുളം പൊലീസില്‍ അറിയിച്ചെങ്കിലും നടപടിയെടുക്കുന്നത് പൊലീസ് മനപ്പൂര്‍വം വൈകിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തയും ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി അറസ്റ്റിലായത്. ചങ്ങരംകുളം എസ്‌ഐ കെജെ ബേബിയെ സസ്‌പെന്‍ഡ്  ചെയ്തിരുന്നു. പിന്നീട് പോക്‌സോ വകുപ്പ് പ്രകാരം എസ്‌ഐക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ചങ്ങരംകുളം പൊലീസ് വിഷയം പുറംലോകത്തെത്തിച്ച തിയേറ്റര്‍ ഉടമയ്‌ക്കെതിരേ പ്രതികാരനടപടികള്‍ ആരംഭിച്ചത്. എസ്‌ഐയുടെ സസ്‌പെന്‍ഷനും കേസിനും കാരണക്കാരനായ തിയേറ്റര്‍ ഉടമയെ സമാനമായ കേസില്‍ ഉള്‍പ്പെടുത്തി പ്രതികാരം ചെയ്യാനാണ് പൊലീസിന്റെ നീക്കമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സതീഷിനെ അറസ്റ്റ് ചെയ്തത് ജയിലിലടയ്ക്കാനുള്ള നീക്കമായിരുന്നു പൊലീസ് ഇന്നലെ നടത്തിയതെന്നും എന്നാല്‍ പ്രാദേശികമായി വന്‍പ്രതിഷേധമുയര്‍ന്നതിനാലാണ് ഇതില്‍ നിന്ന് പിന്‍വാങ്ങി പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ സതീഷിനെ വിട്ടയച്ചതെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഈ വിഷയമാണ് ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ അടിയയന്തരപ്രമേയമായി അവതരിപ്പിച്ചത്.

DONT MISS
Top