നിപ: ആശങ്കകള്‍ ഒഴിയുന്നതായി ആരോഗ്യവകുപ്പ്; ലഭിച്ച പതിനേഴ് സാമ്പിള്‍ ഫലവും നെഗറ്റീവ്

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: നിപ വൈറസ് സംബന്ധിച്ച് ആശങ്കകള്‍ ഒഴിയുന്നതായി ആരോഗ്യവകുപ്പ്. ഇന്നലെ നടത്തിയ പരിശോധനയില്‍ നിപ ആരിലും സ്ഥിരീകരിച്ചിട്ടില്ല. ലഭിച്ച പതിനേഴ് സാമ്പിള്‍ ഫലവും നെഗറ്റീവ് ആയിരുന്നു. ഇതു വരെ 240 റിസള്‍ട്ടാണ് കിട്ടിയത്. ഇന്നലെ പ്രവേശിപ്പിച്ച അഞ്ചു പേര്‍ ഉള്‍പ്പടെ 24 പേര്‍ മെഡിക്കല്‍ കോളെജില്‍ നിരീക്ഷണത്തിലുണ്ട്.

2379 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 297 പേര്‍ പുതിയതാണ്. നിപ ആശങ്കകള്‍ നില നില്‍ക്കുന്നതിനാല്‍ കേന്ദ്ര സംഘം ജില്ലയില്‍ തുടരുന്നുണ്ട്. നിപാ ബാധിതരുടെ എല്ലാ ചികിത്സാ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ള 250 കുടുംബങ്ങള്‍ക്ക് റേഷന്‍ കിറ്റുകള്‍ നല്‍കും. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഇത് ചെയ്യുക എന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ 70 പഞ്ചായത്തുകളില്‍ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ഉണ്ട്.

വൈറസ് ബാധയെ പൂര്‍ണായും നിയന്ത്രിക്കുമെന്ന് ആരോഗ്യവകുപ്പിന് ഉറപ്പുണ്ട്. നിലവില്‍ ഭയപ്പെടേണ്ടതായ സാഹചര്യമില്ല. പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ആവശ്യമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. വിദ്യാലയങ്ങള്‍ 12 വരെ തുറക്കേണ്ടതില്ല. മുഖ്യമന്ത്രി പറഞ്ഞു.

DONT MISS
Top