നൂറാം മത്സരത്തിലും ഛേത്രി മാജിക്; കെനിയയെ വീഴ്ത്തി ഇന്ത്യ

മുംബൈ: രാജ്യത്തിനായി നൂറാം മത്സരത്തിനിറങ്ങിയ സുനില്‍ ഛേത്രിയുടെ മികവില്‍ ഇന്ത്യ കെനിയയെ പരാജയെപ്പെടുത്തി. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ കെനിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാം വിജയം നേടിയത്.

ഇന്ത്യയ്ക്കുവേണ്ടി ഛേത്രി രണ്ടുഗോളും ജെജെ ഒരു ഗോളും നേടി. ഒന്നാം പകുതിയില്‍ ഗോളുകള്‍ പിറക്കാതിരുന്ന മത്സരത്തില്‍ 68-ാം മിനുട്ടിലാണ് ആദ്യ ഗോള്‍ പിറന്നത്. തന്നെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയാണ് ഛേത്രി ആദ്യം വലയിലെത്തിച്ചത്. മൂന്നു മിനുട്ടുകള്‍ക്കകം ജെജെ വലകുലുക്കി. എക്‌സ്ട്രാ ടൈമില്‍ രണ്ടാം ഗോള്‍ നേടിയ ഛേത്രി കെനിയയെ നിഷ്പ്രഭരാക്കി.

ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്ന മത്സരത്തിലുടനീളം കാണികളുടെ ആവേശം അണപൊട്ടി. നിലവില്‍ കളിക്കുന്ന ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ലോകതാരങ്ങളുടെ നിലവാരത്തിലേക്ക് കടന്ന ഛേത്രിയെ കാണികള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. കൃത്യ സമയത്ത് കാണികള്‍ക്ക് വേണ്ടത് തിരികെ നല്‍കാനും ഛേത്രിക്ക് സാധിച്ചു. കേരളാ ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്റെ മികച്ച പ്രകടനവും എടുത്തുപറയേണ്ടതാണ്.

DONT MISS
Top