ജപ്പാനെയും കടത്തിവെട്ടി മാരുതി സുസുക്കി ചരിത്രം കുറിച്ചു; ഇന്ത്യയില്‍ നിര്‍മിച്ചത് രണ്ടുകോടി കാറുകള്‍

മാരുതി സുസുക്കി കാറുകളുടെ നിര്‍മാണം രണ്ടുകോടിയിലെത്തിച്ച സിഫ്റ്റ് കാര്‍

ദില്ലി: മാതൃകമ്പനിയായ ജപ്പാനിലെ സുസുക്കി കമ്പനിയെ കടത്തിവെട്ടി ഇന്ത്യയിലെ മാരുതി സുസുക്കി പുതിയ ചരിത്രം കുറിച്ചു. കമ്പനി ഇന്ത്യയില്‍ രണ്ട് കോടി കാറുകള്‍ നിര്‍മിച്ചാണ് റെക്കോര്‍ഡ് കുറിച്ചത്. ജപ്പാനില്‍ കമ്പനി രണ്ട് കോടി കാറുകള്‍ നിര്‍മിക്കാനെടുത്തത് 45 വര്‍ഷവും ഒന്‍പത് മാസവും. ഇന്ത്യയിലെ മാരുതി സുസുക്കിയാവട്ടെ 34 വര്‍ഷവും അഞ്ചുമാസവും കൊണ്ട് മാതൃകമ്പനി സ്വന്തമാക്കിയ നേട്ടത്തിനൊപ്പമെത്തി പുതിയ ചരിത്രമെഴുതുകയായിരുന്നു.

ജപ്പാന് ശേഷം ഏറ്റവും അധികം സുസുക്കി കാറുകള്‍ നിര്‍മിക്കുന്ന രാജ്യവുമായി ഇന്ത്യ. യൂറോപ്പ്, ആഫ്രിക്ക, തെക്കേ അമേരിക്ക തുടങ്ങിയ ഭൂകണ്ഡങ്ങളിലേക്കും ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലേക്കും മാതൃകമ്പനിയുള്ള ജപ്പാനിലേക്ക് പോലും മാരുതി സുസുക്കിയുടെ കാറുകള്‍ കയറ്റിയയച്ചിട്ടുമുണ്ട്.

ബ്രൈറ്റ് റെഡ് നിറത്തിലുള്ള സ്വിഫ്റ്റ് ഹാച്ച്‌ബാക്കാണ് മാരുതി സുസുക്കിയില്‍ നിന്ന് പുറത്തിറങ്ങിയ ഇരുന്നൂറാം അംഗം. മാരുതി സുസുക്കിയില്‍ നിന്ന് ഏറ്റവും അധികം പുറത്തിറങ്ങിയിട്ടുള്ളത് ഇന്ത്യയുടെ ജനപ്രിയകാറായ ഓള്‍ട്ടോയാണ്. 30,17,000 ഓള്‍ട്ടോ കാറുകളാണ് ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ടത്. മാരുതി 800 ഇറങ്ങിയത് 20,91,000 എണ്ണം. വാഗണ്‍ ആര്‍ കാറുകള്‍ 20,16000 എണ്ണം കമ്പനി പുറത്തിറക്കി.

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി മാരുതി പ്ലാന്റില്‍ മാരുതി 800 കാറിനൊപ്പം. രാജീവ് ഗാന്ധിയെയും കാണാം (ചിത്രത്തിന് കടപ്പാട്: ദ് ഹിന്ദു)

1983ലാണ് ഡിസംബറിലാണ്  മാരുതി സുസുക്കി ആദ്യമായി ഉല്‍പാദനം തുടങ്ങിയത്.  ഇന്ത്യന്‍ നിരത്തുകളില്‍ നിറഞ്ഞോടിയിരുന്ന അംബാസിഡര്‍ കാറുകള്‍ക്ക് വെല്ലുവിളിയുയര്‍ത്തിയാണ് മാരുതി 800 കാറുകളുടെ ഉദ്ഭവം. ഒടുവില്‍ മാരുതിയുടെ മുന്നേറ്റത്തിന് മുന്നില്‍ കീഴടങ്ങാനായിരുന്നു അംബാസിഡറിന്റെ വിധി.

തുടക്കത്തില്‍ സുസുക്കിയുടെ സാങ്കേതിക സഹായം മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്നായിരുന്നു കമ്പനിയുടെ പേര്. പിന്നീട് മാരുതിയുടെ ഭൂരിഭാഗം ഓഹരികള്‍ സുസുക്കി വാങ്ങിയതോടെയാണ് മാരുതി ഉദ്യോഗ് പേര് മാറി മാരുതി സുസുക്കിയായത്.  ഇതുവരെ 16 മോഡലുകളാണ് ഇന്ത്യയിലെ പ്ലാന്റുകളില്‍ നിന്ന് പുറത്തിറങ്ങിയത്.

ഇന്ത്യയില്‍ ആദ്യം പുറത്തിറങ്ങിയ മാരുതി 800 കാറിനൊപ്പം ഉടമ ഹര്‍പാല്‍ സിംഗും ഭാര്യ ഗുല്‍ഷനും

DONT MISS
Top