അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കിഴവന്മാരെ പുറത്തെറിയാന്‍ കാണിക്കുന്ന യുവ രക്തത്തിന്റെ ഊര്‍ജ്ജം നാടിന്റെ നന്മക്കേ ഉപകരിക്കൂ: ജോയ് മാത്യു

കൊച്ചി: അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കിഴവന്മാരെ പുറത്തെറിയാന്‍ കാണിക്കുന്ന യുവ രക്തത്തിന്റെ ഊര്‍ജ്ജം നാടിന്റെ നന്മക്കേ ഉപകരിക്കൂവെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. കാലാവധി പൂര്‍ത്തിയാക്കുന്ന പ്രൊഫ പിജെ കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് അയക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരേ വിടി ബല്‍റാം, ഷാഫി പറമ്പില്‍ തുടങ്ങിയ പാര്‍ട്ടിയിലെ യുവ എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം.

ഏത് പാര്‍ട്ടിയിലായാലും ചെറുപ്പക്കാര്‍ ഉണര്‍ന്നെണീക്കുന്നത് ആശ്വാസകരമാണെന്ന് പറഞ്ഞ ജോയ് മാത്യു ചരിത്രം മനസ്സിലാക്കാന്‍ ഗാന്ധിജിയുടെ കാലത്തെ സുഭാഷ് ചന്ദ്രബോസിനെ ഓര്‍ത്താല്‍ മതിയെന്നും, കോണ്‍ഗ്രസ്സുകാര്‍ക്ക് മാത്രമല്ല ഏത് പാര്‍ട്ടിക്കാരനും ഇത് ബാധകമാണെന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ പ്രവര്‍ത്തനരീതിയോട് യുവനേതാക്കളും പ്രവര്‍ത്തകരും കടുത്ത എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കുര്യനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെയുള്ള പടനീക്കം.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

ഏത് പാര്‍ട്ടിയിലായാലും ചെറുപ്പക്കാര്‍ ഉണര്‍ന്നെണീക്കുന്നത് ആശ്വാസകരമാണ്. അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കിഴവന്മാരെ പുറത്തെറിയാന്‍ കാണിക്കുന്ന യുവ രക്തത്തിന്റെ ഊര്‍ജ്ജം നാടിന്റെ നന്മക്കേ ഉപകരിക്കൂ. ഗാന്ധിജിയുടെ കാലത്തെ സുഭാഷ് ചന്ദ്രബോസിനെ ഒന്നു ഓര്‍ത്താല്‍ മതി ,ചരിത്രം മനസ്സിലാക്കാന്‍. പിന്നെ ഒരു കാര്യം, ഇത് കോണ്‍ഗ്രസ്സുകാര്‍ക്ക് മാത്രമല്ല ഇത് ഏത് പാര്‍ട്ടിക്കാരനും ബാധകമാണ്, ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.

DONT MISS
Top