കെവിന്റേത് ദുരഭിമാനക്കൊലയെന്ന് മുഖ്യമന്ത്രി, കൊലപാതകം പൊലീസിന്റെ ഒത്താശയോടെയെന്ന് പ്രതിപക്ഷം: ബഹളത്തെ തുടര്‍ന്ന് നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: കോട്ടയത്തെ ദുരഭിമാനക്കൊല ഉയര്‍ത്തിയുള്ള പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ ഇന്നത്തക്ക് പിരിഞ്ഞു. കെവിന്‍ പി ജോസഫിന്റെത് ദുരഭിമാനക്കൊലയാണെന്ന് സഭയില്‍ മുഖ്യമന്ത്രി പറഞ്ഞു. കെവിന്റെ കൊലപാതകം നടന്നത് പൊലീസിന്റെ പിന്തുണയോടെയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണ് നടന്നത്. ഇത് ദുരഭിമാനക്കൊല തന്നെയാണ്. 14 പ്രതികള്‍ കസ്റ്റഡിയിലും റിമാന്‍ഡിലും ഉണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരളമൊട്ടാകെ മുന്നോട്ട് വരണം. പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കവെ മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിന്റെയും മുഖ്യഭരണകക്ഷിയുടെയും പിന്തുണയോടെയാണ് കൊല നടന്നതെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. 10 പൊലീസ് സ്റ്റേഷന്‍ പരിധികള്‍ കടന്നാണ് കെവിനെ തട്ടിക്കൊണ്ട് പോയത്. എന്നിട്ടും പൊലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പാരിതിയുമായി നീനു ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ മാതാപിതാക്കളോടൊപ്പം പോകാനാണ് പൊലീസ് ആവശ്യപ്പെട്ടത്. കെവിനൊപ്പം പോകണമെന്ന് വ്യക്തമാക്കിയ നീനുവിനെ സ്‌റ്റേഷനില്‍ വച്ച് ബന്ധുക്കള്‍ മര്‍ദ്ദിച്ചപ്പോഴും പൊലീസ് നോക്കി നിന്നു. കൊലയാളി സംഘത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുണ്ട്. കേസില്‍ രണ്ട് ഭാഗത്തും നില്‍ക്കുക എന്നതാണ് സര്‍ക്കാര്‍ നയം. കേസ് വഴിതിരിച്ചുവിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. പ്രതിപക്ഷം ആരോപിച്ചു.

കൊലപാതകത്തില്‍ സിപിഐഎമ്മിന് ബന്ധമുണ്ടെന്ന ആരോപണത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. നീനുവിന്റെ അച്ഛന്‍ ചാക്കോ, ഭാര്യ രഹന, സഹോദരന്‍ ഷാനു എന്നിവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. എന്നുകരുതി കോണ്‍ഗ്രസാണ് കൊലപാതകം ചെയ്തതെന്ന് പറയുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

DONT MISS
Top