ഛേത്രിക്ക് ഇന്ന് നൂറാം മത്സരം; ഇന്ത്യന്‍ ടീമിന് പിന്തുണ അഭ്യര്‍ത്ഥിച്ച് സച്ചിനും

മുംബൈ: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് രണ്ടാം മത്സരം. മുംബൈ ഫുട്‌ബോള്‍ അരീന സ്‌റ്റേഡിയത്തില്‍ വെച്ചുനടക്കുന്ന മത്സരത്തില്‍ കെനിയയാണ് എതിരാളികള്‍. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ 100-ാം മത്സരം എന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ കളിക്ക്. നാല് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. സുനില്‍ ഛേത്രി ഹാട്രിക് കുറിച്ച  ആദ്യ മത്സരത്തില്‍ ചൈനീസ് തായ്‌പേയിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഇന്ത്യ തകര്‍ത്തപ്പോള്‍, ന്യൂസിലന്‍ഡിനോട് 2-1 ന്റെ ജയവുമായാണ് കെനിയ രണ്ടാം അങ്കത്തിനെത്തുന്നത്.

ഒരിക്കലും നൂറാം അന്താരാഷ്ട്ര മത്സരം കളിക്കുമെന്ന് സ്വപ്‌നം കണ്ടിരുന്നില്ലെന്ന് ഛേത്രി വ്യക്തമാക്കി. ‘ഈ യാത്രയില്‍ കൂടെ നിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും, പരിശീലകര്‍ക്കും സഹകളിക്കാര്‍ക്കും, ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും എന്റെ നന്ദി അറിയിക്കുന്നു. ഇത് വളരെ പ്രത്യേകത നിറഞ്ഞതാണ്,’ ഛേത്രി കൂട്ടിച്ചേര്‍ത്തു. ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ കളിതുടരുന്നവരില്‍ ക്രിസ്റ്റ്യാനോയ്ക്കും, മെസിക്കും പിറകില്‍ മൂന്നാം സ്ഥാനത്താണ് ചേത്രി. മുന്‍ നായകന്‍ ബൈച്ചുങ് ബൂട്ടിയയ്ക്ക് ശേഷം 100-ാം അന്താരാഷ്ട്ര മത്സരമെന്ന നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് അദ്ദേഹം. 104 മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി ബൂട്ടുകെട്ടിയ ബൂട്ടിയ 40 ഗോളുകളാണ് സ്വന്തമാക്കിയതെങ്കില്‍, 59 ഗോളുകള്‍ ഛേത്രി ഇതിനോടകം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറും കഴിഞ്ഞ ദിവസം രംഗത്തെത്തി. എവിടെയാണെങ്കിലും എപ്പോഴാണെങ്കിലും സ്റ്റേഡിയത്തിലെത്തി ടീമിന് പിന്തുണ നല്‍കണമെന്ന് ഫുട്‌ബോള്‍ ആരാധകരോട് സച്ചിന്‍ അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഓരോ കളിക്കാരനെയും എല്ലാവരും പിന്തുണയ്ക്കണമെന്നും ഇതാണ് അതിനുള്ള സമയമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ഛേത്രിയും, കോഹ്‌ലിയും ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ കളികാണാന്‍ എത്തണമെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ഏറെ വികാരാധീതനായാണ് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി ഫുട്ബോള്‍ ആരാധകര്‍ക്കായി വിഡിയോ പങ്കുവെച്ചത്. ഞങ്ങളെ കളിയാക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്‌തോളൂ, പക്ഷെ ഇന്ത്യന്‍ ടീമിന്റെ കളികാണാന്‍ വരണമെന്നായിരുന്നു ആരാധകരോട് ഛേത്രിയുടെ അഭ്യര്‍ത്ഥന. ഇന്ത്യന്‍ ഫുട്‌ബോളിന് ഇത് നിര്‍ണായക സമയമാണെന്നും ടീമിന് നിങ്ങളുടെ പിന്തുണ ആവശ്യമുണ്ടെന്നും നായകന്‍ വ്യക്തമാക്കി. തായ്‌പേയ്‌ക്കെതിരെ ഗോള്‍ മഴ പെയ്ത മത്സരത്തില്‍ വളരെ പരിമിതമായിരുന്നു സ്റ്റേഡിയത്തിലെത്തിയ കാണികളുടെ എണ്ണം. രാജ്യത്തെ എല്ലാ കായിക ഇനങ്ങളെയും പ്രോത്സാഹിപ്പിക്കണമെന്നും ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ കളികാണാന്‍ നിങ്ങള്‍ സ്റ്റേഡിയത്തിലെത്തി ടീമിന് വേണ്ടി കൈയ്യടിക്കണമെന്നും അവര്‍ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നവരാണെന്നും വിരാടും അഭ്യര്‍ത്ഥിച്ചു. ടീമിന് എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഫിഫ റാങ്കിംഗില്‍ 97-ാമതാണ് ഇന്ത്യന്‍ ടീം.

DONT MISS
Top