നിപ; സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം; പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യമില്ലെന്ന് പരിശോധനാ ഫലം

തിരുവനന്തപുരം: സ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ അതീവ ജാഗ്രതാ നിര്‍ദേശം. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. നിപ വൈറസ് രോഗ ലക്ഷണങ്ങളോടെ പുതുതായി 29 പേര്‍ ചികിത്സ തേടി. അതെ സമയം പരിശോധനക്കയച്ച പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യമില്ലെന്ന് പരിശോധനാ ഫലം. പരിശോധിച്ച 13 വവ്വാലുകളിലും നിപാ വൈറസില്ല. ഭോപാലിലെ ലാബില്‍ നിന്നുള്ളതാണ് ഫലം.

പന്തിരിക്കരയിലും സമീപപ്രദേശങ്ങളിലും നിന്നുള്ള വവ്വാലുകളിലായിരുന്നു പരിശോധന. എന്നാല്‍ ഇപ്പോഴും വവ്വാലുകളല്ല രോഗം പരത്തിയതെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പരിശോധനക്കയച്ച 13 വവ്വാലുകളില്‍ നിപയില്ല എന്നു മാത്രമേ ഉറപ്പിക്കാനായുള്ളൂ. ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ തുടരും.

ഇതോടൊപ്പം നിപ വൈറസിന്റെ പേരില്‍ സോഷ്യല്‍ മീഡിയവഴി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫറോക്, നടക്കാവ് സ്‌റ്റേഷനുകളില്‍ റെജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. നല്ലൂര്‍ സ്വദേശികളായ വൈഷ്ണവ്, ബിവിജ്, നിമേഷ്, ബില്‍ജിത്ത്, വിഷ്ണുദാസ് എന്നിവരാണ് അറസ്റ്റിലായത്. ഡിഎംഒയുടെ ഒപ്പും സീലും വ്യാജമായി നിര്‍മ്മിച്ചവരാണ് അറസ്റ്റിലായത്. വ്യാജ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

DONT MISS
Top