‘കളിയാക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യാം, ദയവുചെയ്ത് ഇന്ത്യയുടെ കളി കാണാന്‍ വന്നാലും’; ആരാധകരോട് അപേക്ഷയുമായി സുനില്‍ ഛേത്രി

മുംബൈ: കളിയാക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്‌തോളൂ, പക്ഷെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ കളികാണാന്‍ വരണമെന്ന് ആരാധകരോട് അപേക്ഷിച്ച് നായകന്‍ സുനില്‍ ഛേത്രി. ട്വിറ്ററിലൂടെയായിരുന്നു ഛേത്രിയുടെ അഭ്യര്‍ത്ഥന.

‘യൂറോപ്യന്‍ ക്ലബ്ബ് ആരാധകരായ നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടാകാം ഞങ്ങളുടെ നിലവാരം പോരെന്ന്, എന്തിനാണ് സമയം പാഴാക്കുന്നതെന്ന്. സമ്മതിക്കുന്നു അവരോടൊപ്പം നില്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല, പക്ഷെ ഒരുകാര്യം ഉറപ്പുനല്‍കുന്നു ഞങ്ങളുടെ ബെസ്റ്റ് ഞങ്ങള്‍ കാഴ്ചവെയ്ക്കും. ഇന്ത്യന്‍ ഫുട്‌ബോളില്‍ പ്രതീക്ഷ നഷ്ടപ്പെട്ട, പ്രതീക്ഷയില്ലാത്ത, നിങ്ങളോരോരുത്തരോടും ഞങ്ങള്‍ അപേക്ഷിക്കുകയാണ് ദയവ് ചെയ്ത് സ്റ്റേഡിയത്തില്‍ വന്ന് കളി കണ്ടാലും.

കളിയാക്കിക്കോളൂ, കുറ്റപ്പെടുത്തിക്കോളൂ, കൂവിവിളിച്ചോളൂ, പക്ഷെ നിങ്ങള്‍ സ്റ്റേഡിയത്തില്‍ വന്ന് കളി കാണണം. ആര്‍ക്കറിയാം ഒരിക്കല്‍ ഞങ്ങള്‍ ഒരു മാറ്റം കൊണ്ടുവന്നുകൂടായെന്ന്, ഞങ്ങള്‍ക്ക് വേണ്ടി ഒരിക്കല്‍ നിങ്ങള്‍ ആര്‍പ്പുവിളിക്കില്ലായെന്ന്. ഒരുപക്ഷെ നിങ്ങള്‍ക്ക് ധാരണയുണ്ടാകില്ല, എത്രത്തോളം വിലപ്പെട്ടതാണ് ഞങ്ങള്‍ക്ക് നിങ്ങളുടെ സാന്നിധ്യവും പിന്തുണയും എന്ന്’, ഛേത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ചൈനീസ് തായ്‌പേയ്‌ക്കെതിരെ ഗോള്‍ മഴ പെയ്ത മത്സരത്തില്‍ വളരെ പരിമിതമായിരുന്നു സ്റ്റേഡിയത്തിലെത്തിയ കാണികളുടെ എണ്ണം. സുനില്‍ ഛേത്രി ഹാട്രിക് കുറിച്ച മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ വിജയം. ഇതോടെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമതെത്താനും താരത്തിനായി. നിലവില്‍ ഫിഫ റാങ്കിംഗില്‍ 97-ാമതാണ് ഇന്ത്യന്‍ ടീം.

‘നിങ്ങള്‍ ഓരോരുത്തരോടും ഞാന്‍ അപേക്ഷിക്കുകയാണ്, എല്ലാവരും വരിക, കളിയെപ്പറ്റി സംസാരിക്കുക, വീട്ടിലേക്ക് തിരിച്ചുപോകുക, ചര്‍ച്ചകള്‍ നടത്തുക, ബാനറുകള്‍ തയ്യാറാക്കുക, നിങ്ങളുടെ സാന്നിധ്യം അറിയിക്കുക. ഇന്ത്യന്‍ ഫുട്‌ബോളിന് ഇത് നിര്‍ണായക സമയമാണ്. ടീമിന് നിങ്ങളെ ആവശ്യമുണ്ട്,’ നായകന്‍ അഭ്യര്‍ത്ഥിച്ചു. ജൂണ്‍ നാലിന് കെനിയയോടാണ് ഇന്ത്യയുടെ അടുത്ത കളി. ഇന്ത്യന്‍ കുപ്പായത്തില്‍ ഛേത്രിയുടെ 100-ാമത്തെ മത്സരം കൂടിയാണത്.

DONT MISS
Top