അഫ്ഗാനെതിരായ ടെസ്റ്റ്: പരുക്കേറ്റ സാഹയ്ക്ക് പകരം കാര്‍ത്തിക് ടീമില്‍

ദില്ലി: അഫ്ഗാനിസ്ഥാനെതിരായ ചരിത്ര ടെസ്റ്റില്‍ പരുക്കേറ്റ വിക്കറ്റ് കീപ്പര്‍, വൃദ്ധിമാന്‍ സാഹയ്ക്ക് പകരം ദിനേശ് കാര്‍ത്തിക് കളിക്കും. ബിസിസിഐ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ജൂണ്‍ 14 ന് ബംഗളുരുവിലാണ് മത്സരം. കഴിഞ്ഞ വര്‍ഷമാണ് അഫ്ഗാന് ഐസിസി ടെസ്റ്റ് പദവി ലഭിച്ചത്. തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരത്തിനാണ് അഫ്ഗാന്‍ തയ്യാറെടുക്കുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ വിരലിന് പരുക്കേറ്റതാണ് സാഹയ്ക്ക് തിരിച്ചടിയായത്. പരുക്ക് മാറി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് തിരിച്ചെത്താനാണ് സാഹയുടെ ശ്രമം. അഞ്ച് മുതല്‍ ആറാഴ്ച വരെ താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സിനായി 14 മത്സരങ്ങളില്‍ നിന്ന് 234 റണ്‍സാണ് സാഹയുടെ സമ്പാദ്യം. അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായിരുന്ന കാര്‍ത്തിക് 16 മത്സരങ്ങളില്‍ നിന്ന് 498 റണ്‍സാണ് അടിച്ചെടുത്തത്.

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്‍ത്തിക് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുന്നത്. 2010 ല്‍ ബംഗ്ലാദേശിനെതിരെ ആയിരുന്നു കാര്‍ത്തികിന്റെ അവസാന ടെസ്റ്റ് മത്സരം നടന്നത്. ഇന്ത്യയ്ക്ക് വേണ്ടി 23 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരം ഒരു സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയുമുള്‍പ്പെടെ 1000 റണ്‍സും നേടി.

DONT MISS
Top