വിഷ്ണുനാഥ് മുതല്‍ കെ സുധാകരന്‍ വരെ; കെപിസിസി അധ്യക്ഷസ്ഥാനത്തിനായി വടംവലിയുമായി ഗ്രൂപ്പുകള്‍

ഫയല്‍ ചിത്രം

തിരുവനന്തപുരം: കെപിസിസിയുടെ പുതിയ അധ്യക്ഷനെ ഈ മാസം 15 ന് മുന്‍പ് പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സൂചന നല്‍കിയതോടെ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പേരുകള്‍ മുന്നോട്ടുവച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. വിഎം സുധീരന്‍ രാജിവച്ചതിനെ തുടര്‍ന്ന് സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന എംഎം ഹസനെയാണ് പകരം ചുതമലയേല്‍പ്പിച്ചിരുന്നത്. ഹസന് പകരം പുതിയ പ്രസിഡന്റിനെ ഈ മാസം 15 ന് മുന്‍പ് തന്നെ പ്രഖ്യാപിക്കാനാണ് ഹൈക്കാന്‍ഡിന്റെ നീക്കം.

ഈ മാസം 6, 7 തിയതികളില്‍ ദില്ലിയിലെത്തി കൂടിക്കാഴ്ച നടത്താന്‍ കേരളത്തിലെ നേതാക്കളോട് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിശിച്ചിരിക്കുകയാണ്. ഇതേതുടര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസിലെ ഇരുഗ്രൂപ്പുകളും തങ്ങളുടെ പേരുകള്‍ മുന്നോട്ടുവച്ചുകഴിഞ്ഞു. ദില്ലിയിലെത്തുന്ന നേതാക്കള്‍ രാഹുലിന് മുന്നില്‍ ഈ പേരുകള്‍ അവതരിപ്പിക്കും. ഇരുഗ്രൂപ്പിലുമില്ലാത്ത മുന്‍ പ്രസിഡന്റ് വിഎം സുധീരനോടും ദില്ലിയിലെത്താന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിട്ടുണ്ട്.

പിസി വിഷ്ണുനാഥ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് എ ഗ്രൂപ്പ് കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നത്. പ്രതിപക്ഷ നേതാവ് ഐ ഗ്രൂപ്പുകാരനായ രമേശ് ചെന്നിത്തലയായതിനാല്‍ കെപിസിസി അധ്യക്ഷസ്ഥാനം തങ്ങള്‍ക്ക് വേണമെന്നാണ് എ ഗ്രൂപ്പിന്റെ വാദം. ഈ സാഹചര്യത്തിലാണ് വിഷ്ണുനാഥിന്റെയും തിരുവഞ്ചൂരിന്റെയും പേരുകള്‍  ഗ്രൂപ്പ് മുന്നോട്ടുവയ്ക്കുന്നത്.

എന്നാല്‍ കെപിസിസി വൈസ് പ്രസിഡന്റ്കൂടിയായ വിഡി സതീശന്‍, മുന്‍ മന്ത്രി കെ സുധാകരന്‍ എന്നിവരുടെ പേരുകളാണ് ഐ ഗ്രൂപ്പ് മുന്നോട്ടുവയ്ക്കുന്നത്. വിഡി സതീശനെ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ പേര് മുന്നോട്ടുവയ്ക്കാന്‍ ഐ ഗ്രൂപ്പ് തീരുമാനിച്ചത്. ഇതിനൊപ്പം പ്രാദേശിക, ജാതിപരിഗണനയുടെ അടിസ്ഥാനത്തില്‍ കെ സുധാകരന്റെ പേരും ഗ്രൂപ്പ് മുന്നോട്ടുവയ്ക്കുകയാണ്. പ്രതിപക്ഷനേതാവ് നായര്‍ സമുദായാംഗമായതിനാല്‍ ഈഴവ വിഭാഗത്തില്‍ നിന്നുള്ള സുധാകരന്‍ കെപിസിസി അധ്യക്ഷനാകട്ടെയെന്ന നിലപാടിലാണ് അവര്‍. അതിനൊപ്പം കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ സംസ്ഥാന നേതൃത്വത്തിലെ പ്രധാന ഭാരവാഹികളെല്ലാം തെക്കന്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഈ സാഹചര്യത്തിലാണ് മലബാറിലെ പ്രബലനേതാവായ സുധാകരന്റെ പേര്‍ അവര്‍ നിര്‍ദേശിക്കുന്നത്.

മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നേല്‍ സുരേഷ്, കെവി തോമസ് എന്നിവരെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഈ പേരുകളോട് സംസ്ഥാനത്തെ ഇരുഗ്രൂപ്പുകള്‍ക്കും താല്‍പര്യമില്ല. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി കേരള നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസന്‍, വിഎം സുധീരന്‍ എന്നിവരോട് 6, 7 തിയതികളിലായി ചര്‍ച്ചകള്‍ക്കെത്താനാണ് രാഹുലിന്റെ നിര്‍ദേശം.

കെപിസിസി അധ്യക്ഷസ്ഥാനത്തിനൊപ്പം യുഡിഎഫിന് പുതിയ കണ്‍വീനറെയും നിയമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എ ഗ്രൂപ്പില്‍ നിന്നുള്ളയാളാണ് കെപിസിസി അധ്യക്ഷനാകുന്നതെങ്കില്‍ കെ സുധാകരനാകും യുഡിഎഫ് കണ്‍വീനറാകുക. ഈ ലക്ഷ്യത്തോടെയാണ് സുധാകരന്റെ പേര് കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഐ ഗ്രൂപ്പ് നിര്‍ദേശിച്ചത്.

അതേസമയം, മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ കെ മുരളീധരന്റെ പേരും ഒരു വിഭാഗം മുന്നോട്ടുവയ്ക്കുന്നുണ്ട്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് നേരത്തെ മുരളിയെ കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനോട് കടുത്ത എതിര്‍പ്പായിരുന്നു. ഡിഐസി രൂപീകരിച്ച് പാര്‍ട്ടി വിടുകയും പിന്നീട് എന്‍സിപി സംസ്ഥാന അധ്യക്ഷനായിരിക്കുകയും ചെയ്തപ്പോള്‍ സോണിയ ഗാന്ധിയും അഹമ്മദ് പട്ടേലുമടക്കമുള്ളവര്‍ക്കെതിരേ കടുത്ത വിമര്‍ശനമാണ് മുരളീധരന്‍ ഉന്നയിച്ചത്. ഈ സാഹചര്യത്തിലായിരുന്നു അദ്ദേഹം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അനഭിമതനായത്. പുതിയ സാഹചര്യത്തില്‍ മുരളീധരനോടുള്ള എതിര്‍പ്പ് ഹൈക്കമാന്‍ഡിന് മാറിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിനോട് അടുപ്പം പുലര്‍ത്തുന്നവര്‍ കരുതുന്നത്.

അതേസമയം, കേരളത്തില്‍ നിന്ന് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യവും രാഹുലും കേരള നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയമാകും. മൂന്ന് സീറ്റുകളാണ് രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്ന് ഒഴിവ് വരുന്നതെങ്കിലും ഒരു സീറ്റില്‍ മാത്രമേ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാനാകൂ. രാജ്യസഭാ ഉപാധ്യക്ഷന്‍ കൂടിയായ പിജെ കുര്യന്റെ സീറ്റാണ് ഒഴിവ് വരുന്നവയിലൊന്ന്. അതേസമയം, പിജെ കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് അയക്കുന്നതിനെതിരേ കടുത്ത എതിര്‍പ്പ് സംസ്ഥാനനേതൃത്തിലെ ഒരു വിഭാഗവും യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും ഉയര്‍ത്തിക്കഴിഞ്ഞു. കാലാകാലങ്ങളായി എംപിയായിരിക്കുന്ന പിജെ കുര്യനെപ്പോലുള്ളവരെ മാറ്റി പകരം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് യുവനേതാക്കളുടെ ആവശ്യം. ഇതടക്കമുള്ള വിഷയങ്ങളും രാഹുലും കേരള നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ ഉയരും.

DONT MISS
Top