‘മാധ്യമപ്രവര്‍ത്തനം തുടങ്ങിയത് മഹാഭാരതകാലത്ത്, ആദ്യ റിപ്പോര്‍ട്ടര്‍ നാരദന്‍’ പ്രസ്താവനയുമായി യുപി ഉപമുഖ്യമന്ത്രി

ദിനേശ് ശര്‍മ

മഥുര: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്കുമാര്‍ ദേബിന് പിന്നാലെ മഹാഭാരതത്തെ കൂട്ടുപിടിച്ച് പുതിയ ‘കണ്ടുപിടുത്തം’ നടത്തി മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിലെ ഉപമുഖ്യമന്ത്രി. ഹിന്ദി പത്രപ്രവര്‍ത്തന ദിനത്തോട് അനുബന്ധിച്ച് നടത്തിയ സെമിനാറിലായിരുന്നു മഹാഭാരതകാലത്താണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചതെന്നും നാരദനാണ് ആദ്യറിപ്പോര്‍ട്ടറെന്നും യുപി ഉപമുഖ്യമന്ത്രിയായ ദിനേശ് ശര്‍മ പ്രസ്താവിച്ചത്.

ഇന്ത്യക്കാരാണ് ഇന്റര്‍നെറ്റ് സംവിധാനം കണ്ടുപിടിച്ചതെന്നും മഹാഭാരത കാലത്തും ഇന്റര്‍നെറ്റ്‌നെറ്റ് ഉണ്ടായിരുന്നുവെന്നും ഈ സാങ്കേതിക വിദ്യയുപയോഗിച്ചാണ് മഹാഭാരത യുദ്ധസമയത്ത് സഞ്ജയന്‍ യുദ്ധഭൂമിയിലെ വാര്‍ത്തകള്‍ ധൃതരാഷ്ട്രരെ അറിയിച്ചിരുന്നതെന്നുമായിരുന്നു ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്‌ദേവിന്റെ പ്രസ്താവന. ഈ പ്രസ്താവനയുടെ പേരില്‍ വന്‍ പരിഹാസമാണ് ത്രിപുര മുഖ്യമന്ത്രിക്ക് നേരിടേണ്ടിവന്നത്. അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ഞയന്‍ ഹസ്തിനിപുര യുദ്ധഭൂമിയിലെ വിവരങ്ങള്‍ പറഞ്ഞുകൊടുത്ത സംഭവത്തെ ആധാരമാക്കിക്കൊണ്ടുതന്നെയായിരുന്നു ഉത്തര്‍പ്രദേശ് ഉപുമുഖ്യമന്ത്രി ദിനേശ് ശര്‍മയുടെ പ്രസ്താവനയും.

സഞ്ജയന്റെ വിവരണത്തെ ബിപ്ലബ് ദേവ് പുരാണകാലത്തെ ഇന്റര്‍നെറ്റ് സംവിധാനത്തെക്കുറിച്ച് വിവരിക്കാന്‍ ആണ് ഉപയോഗിച്ചതെങ്കില്‍ ഈ സംഭവത്തെ മാധ്യമപ്രവര്‍ത്തനമായി കാണുകയായിരുന്നു ദനേശ് ശര്‍മ. പു​രാ​ണ​ക​ഥാ​പാ​ത്ര​മാ​യ സ​ഞ്ജ​യ​ൻ ഹ​സ്ത​നി​പു​ര​ത്തി​ൽ ഇ​രു​ന്നു​കൊ​ണ്ട് പ​ക്ഷി​യു​ടെ ക​ണ്ണി​ലൂ​ടെ മ​ഹാ​ഭാ​രത​യു​ദ്ധ​ത്തി​ലെ സം​ഭ​വ​ങ്ങ​ൾ അ​ന്ധ​നാ​യ ധൃ​ത​രാ​ഷ്ട്ര​ർ​ക്കു വി​വ​രി​ച്ചു ന​ൽ​കി​യത് തത്സമയ മാധ്യമ സംപ്രേക്ഷണമെന്നാണ് മന്ത്രി പറഞ്ഞത്.

നാരദനാണ് ആദ്യത്തെ റിപ്പോര്‍ട്ടര്‍. ഇന്നത്തെ ഗൂഗിളാണ് അന്ന് നാരദന്‍. നാ​രാ​യ​ണ എ​ന്നു മൂ​ന്നു​പ്ര​വ​ശ്യം പ​റ​ഞ്ഞാ​ൽ സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നാ​യി നാ​ര​ദ​നു ലോ​ക​ത്ത് എ​വി​ടെ​യും എ​ത്താ​നാ​കു​മാ​യി​രു​ന്നെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

മാര്‍ച്ച് മാസത്തില്‍ ത്രിപുര മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ബിപ്ലവ് ദേവ് തുടര്‍ച്ചയായി അബദ്ധ പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ പരിഹാസവും വിവാദവുമാണ് ക്ഷണിച്ചുവരുത്തിയത്. യുവാക്കളോട് സര്‍ക്കാര്‍ ജോലിയുടെ പിന്നാലെ പോകാതെ പശുക്കളെ വളര്‍ത്തി ക്ഷീര കര്‍ഷകരാകുകയോ മുറുക്കാന്‍ കട തുടങ്ങുകയോ ചെയ്യാനാണ് ഒടുവില്‍ ബിപ്ലബ്കുമാര്‍ ദേബ് ഉപദേശിച്ചത്.

മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്നും മഹാഭാരത യുദ്ധകാലത്ത് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് മഹാഭാരത യുദ്ധത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് യുദ്ധഭൂമിയിലില്ലാത്ത സഞ്ജയന്‍ പറഞ്ഞു കൊടുത്തത് ഇന്റര്‍നെറ്റ് സംവിധാനത്തിന്റെ സഹായാത്താലാണെന്നായിരുന്നു ബിപ്ലബ് ദേവിന്റെ ആദ്യ അബദ്ധപ്രസ്താവന. പിന്നാലെ, ലോക സുന്ദരിയായിരുന്ന ഇന്ത്യക്കാരിയായ ഡയാന ഹെയ്ഡനെ അധിക്ഷേപിച്ചുകൊണ്ടുള്ള ബിപ്ലബ് ദേവിന്റെ പ്രസ്താവനയ്‌ക്കെതിരേയും വന്‍ പ്രതിഷേധമുണ്ടായി. ഐശ്വര്യത്തിന്റേയും അറിവിന്റേയും ദേവതമാരായ ലക്ഷ്മി ദേവിയുടെയും സരസ്വതി ദേവിയുടെയും പ്രതീകമാകണം ഇന്ത്യന്‍ സുന്ദരികളെന്നും ഈ രണ്ട് ദേവിമാരുടേയും സവിശേഷത മുന്‍ ലോക സുന്ദരിയായ ഐശ്വര്യ റായിക്ക് ഉണ്ട്, എന്നാല്‍ ഡയാന ഹെയ്ഡന് ഈ ഗുണങ്ങള്‍ ഇല്ലെന്നായിരുന്നു ദേബിന്റെ പ്രസ്താവന. ‘സൗന്ദര്യ മത്സരത്തില്‍ ആര്‍ക്ക് വേണമെങ്കിലും മത്സരിച്ച് വിജയിക്കാം, ഹെയ്ഡന്റെ വിജയത്തേയും അത്തരത്തില്‍ കണ്ടാല്‍ മതി. അതല്ലാതെ ഒരിക്കലും ഹെയ്ഡന്‍ ഇന്ത്യന്‍ സൗന്ദര്യത്തിന്റെ പ്രതീകമല്ല’ ഇങ്ങനെയായിരുന്നു ത്രിപുര മുഖ്യമന്ത്രിയുടെ പ്രസ്താവന.

ഇതിന് പിന്നാലെ തനിക്കെതിരേ അധിക്ഷേപകരമായ പ്രസ്താവന നടത്തിയതില്‍ പ്രതിഷേധിച്ച് ഡയാന ഹെയ്ഡന്‍ രംഗത്തുവന്നിരുന്നു. തന്റെ ഇരുണ്ട നിറത്തോടുള്ള അനിഷ്ടമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ പുറത്തുവന്നതെന്നും അവര്‍ ആരോപിച്ചു. തുടര്‍ന്ന് പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ബിപ്ലബ് ദേവ് തടിയൂരുകയായിരുന്നു.

ഇതിന് പിന്നാലെ, ഐഎഎസ് ഉദ്യോഗത്തിന് സിവില്‍ എന്‍ജിനീയര്‍മാരാണ് പോകേണ്ടതെന്നും മെക്കാനിക്കല്‍ സെക്ഷന്‍കാര്‍ അതിന് പോകേണ്ടെന്നും ബിപ്ലബ് ദേവ് നടത്തിയ പ്രസ്താവനയും വിവാദമായി. ‘നേരത്തെ മാനവിക വിഷയങ്ങള്‍ പഠിച്ചവരായിരുന്നു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ആയിരുന്നത്. എന്നാല്‍ പിന്നീട് അത് മാറി. ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും സിവില്‍ സര്‍വീസ് തെരഞ്ഞെടുക്കാനാരംഭിച്ചു. എന്തായാലും മെക്കാനിക്കല്‍ എഞ്ചിനീയര്‍മാര്‍ സിവില്‍ സര്‍വീസിന് പോകരുത്. സിവില്‍ എഞ്ചിനീയര്‍മാര്‍ സിവില്‍ സര്‍വീസ് തെരഞ്ഞെടുക്കുകയും വേണം. എന്താണ് കാര്യമെന്നുവച്ചാല്‍ ഭരണ നിര്‍വഹണം എന്നത് സമൂഹത്തെ നിര്‍മിക്കലാണ്. ഇക്കാര്യത്തില്‍ സിവില്‍ എഞ്ചിനീയര്‍മാര്‍ക്ക് കെട്ടിടങ്ങള്‍ പണിത പരിജ്ഞാനമുണ്ട്’ ഇങ്ങനെയായിരുന്നു ത്രിപുര മുഖ്യമന്ത്രിയുടെ അബദ്ധപ്രസ്താവന.

DONT MISS
Top