ചെങ്ങന്നൂരില്‍ വിജയിച്ചത് ഗോവിന്ദന്‍ മാസ്റ്ററുടെ സംഘാടകമികവ്; എല്‍ഡിഎഫ് പെട്ടിയിലെ വോട്ടുകള്‍ വിരല്‍ചൂണ്ടുന്ന ചാണക്യതന്ത്രങ്ങള്‍ വിരിഞ്ഞത് ഇവിടെ

എംവി ഗോവിന്ദന്‍ മാസ്റ്റര്‍

ഇടത് വലത് ബിജെപി അണികളും നേതൃത്വവും എല്ലാവരും ഇന്ന് പലതവണ ആലോചിച്ച ചോദ്യമാണ്, എങ്ങനെ സജി ചെറിയാന് ഇത്രയും ഭൂരിപക്ഷം ലഭിച്ചു എന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയം വോട്ടെടുപ്പ് ദിവസം കഴിഞ്ഞപ്പോള്‍ത്തന്നെ പ്രവചിക്കപ്പെട്ടതാണെങ്കിലും ഇത്ര കൂറ്റന്‍ ലീഡ് ആരും പ്രതീക്ഷിച്ചിരുന്നതല്ല. സജി ചെറിയാനുള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം മടിയില്ലാതെ തുറന്നുപറയുകയും ചെയ്തു.

എല്‍ഡിഎഫ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോള്‍ നെറ്റിചുളിച്ചവര്‍ക്ക് മറുപടിയെന്നോണമാണ് പിന്നീടുള്ള നീക്കങ്ങള്‍ നടന്നത്. ബിജെപിക്ക് വേരോട്ടമുള്ള മണ്ഡലം. ബിജെപി വിജയിച്ചാല്‍പോലും അത്ഭുതമില്ല എന്ന പ്രതീതി. കോണ്‍ഗ്രസ് നിര്‍ത്തിയതാകട്ടെ മണ്ഡലത്തിലുണ്ടെന്ന് പറയപ്പെടുന്ന ജാതിസമവാക്യങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് ഒരു സ്ഥാനാര്‍ഥിയേയും. എന്നാല്‍ സിപിഐഎം എന്ന പാര്‍ട്ടിയുടെ കരുത്ത് എന്താണെന്ന് മനസിലാക്കുന്നതില്‍ യുഡിഎഫ്-ബിജെപി നേതൃത്വത്തിന് തെറ്റുപറ്റി.

ഭൂമിയിലേക്കിറങ്ങിയ പ്രചരണം മാത്രമേ രക്ഷപെടുകയുള്ളൂ എന്നത് നേരത്തേതന്നെ മനസിലാക്കിയ സിപിഐഎം നേതൃത്വം, അതിന് ഏറ്റവും സാധിക്കുന്ന ആളിനെത്തന്നെ രംഗത്തിറക്കി. അങ്ങനെ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ മുന്നണിപ്പോരാളിയായി രംഗത്തുവന്നു. ഈ ഘട്ടത്തില്‍ത്തന്നെ ചെങ്ങന്നൂരിലെ ഇടത് അണികള്‍ കൂടുതല്‍ ആവേശഭരിതരായി.

ഓര്‍ത്തഡോക്‌സ് അല്ലെങ്കില്‍ നായര്‍ സമുദായത്തില്‍നിന്നുള്ള അംഗം വിജയിക്കും എന്ന രീതിയായിരുന്നു മണ്ഡലം പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ സജി ചെറിയാന്‍ ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ എന്ന വിഭാഗത്തില്‍നിന്ന് വരുന്നയാളാണ്. കത്തോലിക്കരും ഓര്‍ത്തഡോക്‌സുകാരും ക്രിസ്ത്യാനികളായി കൂട്ടാന്‍ പോലും മടിക്കുന്ന സമുദായം. മറുവശത്ത് ജാതീയ സമവാക്യങ്ങള്‍ പാലിച്ചുകൊണ്ടുള്ള സ്ഥാനാര്‍ഥി നിര്‍ണയം. ഉമ്മന്‍ ചാണ്ടിയേപ്പോലുള്ള ഓര്‍ത്തഡോക്‌സ് സഭയിലെ പ്രമുഖന്റെ പിന്തുണയുള്ള നായര്‍ സമുദായത്തില്‍നിന്നുള്ള വിജയകുമാറിന് വലിയ ആത്മവിശ്വാസവും ലഭിച്ചു. ശ്രീധരന്‍ പിള്ളയും ചെങ്ങന്നൂരിന്റെ ആവര്‍ത്തിക്കുന്ന രാഷ്ട്രീയ ചരിത്രത്തിന് തീര്‍ത്തും ചേരുന്ന ഒരാളുമായിരുന്നു.

ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ഗോവിന്ദന്‍ മാസ്റ്ററും അദ്ദേഹത്തിന്റെ പദ്ധതിപ്രകാരം നടത്തിയ പ്രചരണ പരിപാടികളും ആളുകളെ സ്വാധീനിച്ചതും എഴുപതിനായിരത്തോളം വോട്ടുകള്‍ പെട്ടിയില്‍ വീഴാന്‍ കാരണമായതും. ചെങ്ങന്നൂരിന്റെ ചരിത്രത്തിലാദ്യമാണ് സമവാക്യങ്ങള്‍ മാറ്റിയെഴുതപ്പെടുന്നതും ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ ഒരു സ്ഥാനാര്‍ഥി വിജയിക്കുന്നതും. ഇതില്‍ വിജയിച്ചത് എംവി ഗോവിന്ദന്‍ മാസ്റ്ററുടെ തന്ത്രങ്ങളാണെന്നതില്‍ സംശയമില്ല.

മറ്റ് പാര്‍ട്ടികള്‍ നടത്തിയതുപോലെ എല്ലാ മുക്കിലും മൂലയിലുമുള്ള നേതാക്കളേും അണികളേയും ചെങ്ങന്നൂരില്‍ ഇറക്കാന്‍ ഗോവിന്ദന്‍ മാസ്്റ്റര്‍ തയാറായില്ല. ആലപ്പുഴയില്‍നിന്നുള്ള നേതാക്കന്മാര്‍ മാത്രം മണ്ഡലത്തിലെത്തി പ്രചരണ പരിപാടികള്‍ക്ക് ചുക്കാന്‍പിടിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങള്‍ക്ക് മേഖലകളുടെ ചുമതലയും ഏരിയാ കമ്മറ്റി അംഗങ്ങള്‍ക്ക് ബൂത്തിന്റെ ചുമതലയും നല്‍കി. പുറത്തുനിന്നുള്ള നേതാക്കളുടേയും പ്രവര്‍ത്തകരുടേയും കുത്തൊഴുക്ക് സൃഷ്ടിച്ച് അന്തരീക്ഷം ബഹളമയമാക്കാന്‍ ഒരിക്കലും ഗോവിന്ദന്‍മാസ്റ്റര്‍ ശ്രമിച്ചില്ല.

മന്ത്രിമാരായ പി തിലോത്തമനും ജി സുധാകരനും തോമസ് ഐസക്കും കാല്‍നടയായി മണ്ഡലത്തിന്റെ സിരകളിലേക്കിറങ്ങി. പൊലീസിന്റെ അകമ്പടിയോ മറ്റ് പരിവാരങ്ങളോ ഉണ്ടായിരുന്നില്ല. പ്രചരണത്തിനിടെ മറ്റ് പാര്‍ട്ടികളെ ആക്ഷേപിക്കാനോ സ്ഥാനാര്‍ഥികളെ വ്യക്തിപരമായി അധിക്ഷേപിച്ച് സംസാരിക്കാനോ ശ്രമിച്ചില്ല. സമൂഹം ക്ലീന്‍ചിറ്റ് നല്‍കിയ നേതാക്കള്‍ ഓരോ വ്യക്തിയേയും കാണാന്‍ ശ്രമിച്ചു. ഭൂമിയില്‍ കാല്‍തൊടുന്ന നേതാക്കളാണ് ഇവര്‍ എന്ന് ചെങ്ങന്നൂരിലെ ജനങ്ങള്‍ കൃത്യമായി മനസിലാക്കി.

മേഖല യോഗങ്ങളില്‍ അദ്ദേഹം കൃത്യമായി പങ്കെടുത്തു. പ്രത്യേക ബൂത്ത് യോഗങ്ങളിലും എത്തിച്ചേര്‍ന്ന് ചിട്ടയായി പ്രവര്‍ത്തിച്ചു. എന്നാല്‍ അണികള്‍ക്ക് അമിത സമ്മര്‍ദ്ദമുണ്ടാകാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. യോഗങ്ങളില്‍ മൈക്ക് ഉപയോഗിച്ചതേയില്ല.  ആര്‍ നാസര്‍, കെ രാഘവന്‍, എംഎ അലിയാര്‍ തുടങ്ങിയ നേതാക്കള്‍ ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പൂര്‍ണപിന്തുണ നല്‍കി. സിപിഐ നേതാവായ പി പ്രസാദും മണ്ഡലത്തില്‍നിന്നുകൊണ്ട് ഗോവിന്ദന്‍ മാസ്റ്ററുടെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ശ്രദ്ധചെലുത്തി.

നിരന്തരമായി കുടുംബ സന്ദര്‍ശനവും കുടുംബ യോഗങ്ങളും നടത്തി. സാധാരണക്കാരുമായി നിരന്തരം ഇടപെട്ടു. അയ്യായിരത്തോളം പുതിയ വോട്ടവകാശികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ വി ശിവദാസന്റെ നേതൃത്വത്തില്‍ നവമാധ്യമ ക്യാമ്പയിനുകളുണ്ടായി. വീണ്ടും ഭരണപക്ഷത്തില്‍നിന്നുതന്നെ എംഎല്‍എ ഉണ്ടാകുന്നതാണ് മണ്ഡലത്തിന് നല്ലത് എന്ന വസ്തുത കൃത്യമായി ഇവര്‍ ജനമനസുകളിലെത്തിച്ചു.

കോണ്‍ഗ്രസിനേക്കാള്‍ കെട്ടുറപ്പോടെയും ചിട്ടയോടെയും പ്രചരണം നടത്തിയ ബിജെപി രണ്ടാം സ്ഥാനത്ത് യാതൊരു കാരണവശാലും വരരുത് എന്നതായിരുന്നു മറ്റൊരു ലക്ഷ്യം. ആളും ബഹളവുമായി ആഘോഷമായി ബിജെപി മണ്ഡലം ഇളക്കിമറിച്ചപ്പോഴും ഇടത് ക്യാമ്പ് നിശബ്ദമായിരുന്നു. ബിപ്ലബ് ദേബിനേപ്പോലുള്ള കേന്ദ്ര നേതാക്കള്‍ ബിജെപിക്കായി എത്തിയപ്പോഴും വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഇടത് ക്യാമ്പില്‍നിന്നുണ്ടായില്ല.

ചെങ്ങന്നൂരിലേത് വര്‍ഗ്ഗീയതയ്‌ക്കെതിരെ ജനാധിപത്യത്തിന്റെ തിളക്കമാര്‍ന്ന വിജയമെന്ന് യാക്കോബായസഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത കുറിക്കുകയുണ്ടായി. ഇടതുപക്ഷത്തെ അഭിനന്ദിക്കുന്നതിനോടൊപ്പം അദ്ദേഹം എംവി ഗോവിന്ദന്‍ മാസ്റ്ററെ പ്രശംസിച്ചു. ഗോവിന്ദന്‍ മാസ്റ്ററുടെ ചിട്ടയായ പ്രവര്‍ത്തനത്തെയാണ് അദ്ദേഹം എടുത്തുപറഞ്ഞത്. ഇത്തരത്തില്‍ മണ്ഡലത്തിന്റെ സ്പന്ദനം മനസിലാക്കി ഗോവിന്ദന്‍ മാസ്റ്റര്‍ നീങ്ങിയത് കൂറ്റന്‍ ലീഡായിട്ടാണ് ഫലത്തിലെത്തിയത്.

1970ല്‍ സിപിഐഎം അംഗമായ ഗോവിന്ദന്‍ മാസ്റ്റര്‍ പാര്‍ട്ടിയുടെ യുവജന പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളാണ്. ഡിവൈഎഫ്‌ഐ രൂപീകരണത്തിനു മുന്നോടിയായി രൂപീകരിക്കപ്പെട്ട അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റിയില്‍ കേരളത്തില്‍നിന്നുള്ള അഞ്ചുപേരില്‍ ഒരാളായിരുന്നു എംവി ഗോവിന്ദന്‍ മാസ്റ്റര്‍. ഡിവൈഎഫ്‌ഐ പ്രഥമ സംസ്ഥാന പ്രസിഡന്റാണ്. പിന്നീട് ഡിവൈഎഫ്‌ഐ സെക്രട്ടറിയായും പ്രവര്‍ത്തിക്കുകയുണ്ടായി. 1986ലെ മോസ്‌കോ യുവജനസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇരിങ്ങല്‍ യുപി സ്‌കൂളില്‍ അധ്യാപകനായിരുന്ന ഇദ്ദേഹം രാഷ്ട്രീയരംഗത്ത് സജീവമായതോടെ ജോലിയില്‍നിന്ന് സ്വയം വിരമിക്കുകയായിരുന്നു.

DONT MISS
Top