കര്‍ണാടക നഷ്ടമായതിന് പ്രതികാരവുമായി കേന്ദ്രസര്‍ക്കാര്‍; കോണ്‍ഗ്രസ് നേതാവ് ശിവകുമാറിന്റെ അടുപ്പക്കാരുടെ വസതികളില്‍ സിബിഐ റെയ്ഡ്

ഡികെ ശിവകുമാര്‍

ബാംഗളുരു: കര്‍ണാടകയില്‍ രണ്ടര ദിവസത്തെ മാത്രം ഭരണത്തിന് ശേഷം ബിഎസ് യെദ്യൂരപ്പയുടെ ബിജെപി സര്‍ക്കാരിന് ഭരണമൊഴിയേണ്ടിവന്നതിന് പ്രതികാരവുമായി കേന്ദ്രസര്‍ക്കാര്‍. കോണ്‍ഗ്രസ് -ജെഡിയു എംഎല്‍എമാരെ മറുകണ്ടം ചാടാതെ ഒപ്പം നിര്‍ത്തി സര്‍ക്കാര്‍ രൂപീകരണത്തിന് നിര്‍ണായക നേതൃത്വം വഹിച്ച കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ അടുപ്പക്കാരുടെ വീടുകളില്‍ ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തി.

ശിവകുമാറുമായി ബന്ധമുള്ളവരുടെ ബംഗളുരു, രാമനഗര, കനകപുര എന്നിവിടങ്ങളിലെ ഓഫീസുകളിലും വീടുകളിലുമാണ് സിബിഐ പരിശോധന നടത്തിയത്.  നിരോധിത നോട്ടുകള്‍ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയതെന്നാണ് സിബിഐയുടെ വാദം.

അതേസമയം, കേന്ദ്രത്തിലെ ബിജെപി സർക്കാരിന്‍റെ പ്രതികാര നടപടിയാണിതെന്ന് ഡികെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

മൂന്നുദിവസം മാത്രം ആയുസുണ്ടായിരുന്ന ബിഎസ് യെദ്യൂരപ്പ സര്‍ക്കാര്‍ രാജിവച്ചപ്പോള്‍ വിജയം കണ്ടത് കോണ്‍ഗ്രസിന്റെ കര്‍ണാടകയിലെ ചാണക്യന്‍ ഡികെ ശിവകുമാറിന്റെ തന്ത്രങ്ങളായിരുന്നു. കര്‍ണാടകയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ വന്നതിനെ തുടര്‍ന്ന് ജെഡിഎസിന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ തന്നെ പാര്‍ട്ടി ദേശീയ നേതൃത്വം തന്ത്രങ്ങള്‍ ഏല്‍പ്പിച്ചത് ശിവകുമാറിനെയാണ്. സോണിയ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ അഹമ്മദ് പട്ടേലിന്റെ ഏറ്റവും അടുത്തയാളാണ് ശിവകുമാര്‍.

ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചപ്പോള്‍ സ്വന്തം പാളയത്തിലെ എംഎല്‍എമാരെ മറുകണ്ടം ചാടാതെ നോക്കാനുള്ള ഉത്തരവാദിത്വവും ശിവകുമാറിനെയാണ് പാര്‍ട്ടി ഏല്‍പ്പിച്ചത്. ശിവകുമാറും അനുജനന്‍ ഡികെ സുരേഷും ചേര്‍ന്ന് ഉത്തരവാദിത്വം ഏറ്റെടുത്ത് കൃത്യമായി തന്നെ നടപ്പാക്കി.

കോണ്‍ഗ്രസ് -ജനതാദള്‍ എസ് സഖ്യസര്‍ക്കാരിന് നീക്കം തുടങ്ങിയപ്പോള്‍ തന്നെ ശിവകുമാര്‍ എംഎല്‍എമാര്‍ മറുകണ്ടം ചാടാനുള്ള സാധ്യത കണ്ട് എല്ലാവരെയും ഒരുമിച്ച് റിസോര്‍ട്ടിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ക്ക് ജെഡിഎസ് -കോണ്‍ഗ്രസ് സഖ്യനേതൃത്വം സര്‍ക്കാരിനായി അവകാശവാദമുന്നയിച്ച് കത്ത് നല്‍കിയപ്പോള്‍ എംഎല്‍എമാരെല്ലാം റിസോര്‍ട്ടില്‍ ശിവകുമാറിന്റെ നിയന്ത്രണത്തിലായിരുന്നു. ബാംഗളുരു നഗരപ്രാന്തത്തിലുള്ള രാമനഗര ബിഡാദിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ തങ്ങളുടെ പക്ഷത്തുള്ള എംഎല്‍എമാരെ ശിവകുമാര്‍ ഇതിനകം എത്തിച്ചിരുന്നു.

ഗവര്‍ണര്‍ വാജുഭായി വാലക്ക് മുന്നില്‍ തങ്ങളുടെ എംഎല്‍എമാരെ കോണ്‍ഗ്രസ് -ദള്‍ സഖ്യം കൊണ്ടുവന്നെങ്കിലും ഗവര്‍ണര്‍ എല്ലാം എംഎല്‍എമാരെ കാണാന്‍ കൂട്ടാക്കിയില്ല. പിന്നാലെ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുകയും ചെയ്തു. യെദ്യൂരപ്പ മുഖ്യമന്ത്രിയായതോടെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിനുള്ള പൊലീസ് സംരക്ഷണം പിന്‍വലിച്ചതിന്റെ അപകടം മണത്ത ശിവകുമാര്‍ ഇവിടെ നിന്ന്  ദള്‍ -കോണ്‍ഗ്രസ് എംഎല്‍എമാരെ തെലുങ്കാനയിലെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള എല്ലാ എംഎല്‍എമാരെയുമായി പോയ ബസില്‍ മുന്നില്‍ തന്നെ ഇരുന്ന് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്ന ശിവകുമാരിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രിംകോടതി ഉത്തരവ് വന്നതിനെ തുടര്‍ന്ന് ഹൈദരാബാദില്‍ നിന്ന് ദള്‍ -കോണ്‍ഗ്രസ് എംഎല്‍എമാരെ തിരിച്ച് കൊണ്ടുവരുകയായിരുന്നു. ഇതിനിടെ സ്വന്തം പാളയത്തില്‍ നിന്ന് ചാടിപ്പോയ എംഎല്‍എമാരായ ആനന്ദ് സിംഗിനെയും പ്രതാപ് ഗൗഡ പാട്ടീലിനെയും തിരികെ കോണ്‍ഗ്രസ് ക്യാമ്പിലെത്തിക്കാനും ശിവകുമാറിനായി.

ശതകോടീശ്വരനായ ശിവകുമാര്‍ കര്‍ണാടകയിലെ കോണ്‍ഗ്രസില്‍ സ്വന്തമായി അണികളുള്ള നേതാവാണ്. ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി ചാക്കിട്ടുപിടിക്കുന്നത് ഒഴിവാക്കാനായി പാര്‍ട്ടി കൊണ്ടുവന്ന് ഒളിവില്‍ പാര്‍പ്പിച്ചത് അന്നും എംഎല്‍മാരെ സംരക്ഷിക്കേണ്ട ചുമതല കോണ്‍ഗ്രസ് നേതൃത്വമേല്‍പ്പിച്ചത് ശിവകുമാറിനെയായിരുന്നു. ഗുജറാത്ത് എംഎല്‍എമാരെ സംരക്ഷിച്ചതിന് ശിവകുമാറിന്റെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയായിരുന്നു ബിജെപി ശിവകുമാറിനോട് പ്രതികാരം ചെയ്തത്. അന്ന് ഡികെ ശിവകുമാറിന്റെ ദില്ലിയിലെ വസതില്‍ നിന്ന് ആദായനികുതി വകുപ്പ് അഞ്ചുകോടി രൂപ പിടിച്ചെടുത്തിരുന്നു. മന്ത്രിയുമായി ബന്ധപ്പെട്ട 39 കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിലാണ് ദില്ലിയിലെ വസതിയല്‍ നിന്ന് പണം പിടികൂടിയത്. അദ്ദേഹത്തെ കസ്റ്റഡിയിലെക്കുകയും ചെയ്തിരുന്നു.

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായതിന് ശിവകുമാറിന്റെയും അദ്ദേഹവുമായി ബന്ധമുള്ളവരുടെയും സ്ഥാപനങ്ങളിലും വസതികളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് സമാനായ രീതിയിലാണ് ഇത്തവണ കര്‍ണാടകയില്‍ ഭരണം നഷ്ടമായതിന് പിന്നാലെ സിബിഐ ശിവകുമാറിന്റെയും ബന്ധമുള്ളവരുടെയും വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരിക്കുന്നത്.

DONT MISS
Top