ഈ വിജയം ഞങ്ങളെ അഹങ്കാരികളാക്കുന്നില്ല, കൂടുതല്‍ വിനയത്തോടെ, ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ഞങ്ങളുണ്ടാവും: കോടിയേരി

കൊച്ചി: ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ രാഷ്ട്രീയത്തിനും സര്‍ക്കാരിന്റെ വികസന നയത്തിനും ലഭിച്ച അംഗീകാരമാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഗംഭീര വിജയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ വിജയം ഞങ്ങളെ അഹങ്കാരികളാക്കുന്നില്ലെന്നും കൂടുതല്‍ വിനയത്തോടെ, ജനങ്ങളുടെ ബഹുമുഖങ്ങളായ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ഞങ്ങളുണ്ടാവുമെന്നും കോടിയേരി വ്യക്തമാക്കി.

‘ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവെച്ച മതനിരപേക്ഷ രാഷ്ട്രീയത്തിനും എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നയത്തിനും ലഭിച്ച അംഗീകാരമാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ ഗംഭീര വിജയം. മൃദുവര്‍ഗീയ രാഷ്ട്രീയം പുറത്തെടുത്ത യുഡിഎഫിന്റെയും തീവ്രവര്‍ഗീയ കാര്‍ഡിറക്കിയ ആര്‍എസ്എസ്-ബിജെപി മുന്നണിയുടെയും ദയനീയപരാജയം മതനിരപേക്ഷ സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്,’ കോടിയേരി പറഞ്ഞു.

തെരഞ്ഞെടുപ്പ് വേളയില്‍ മുന്‍മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി പറഞ്ഞത്, സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലമെന്നാണ്. ഇപ്പോഴും അദ്ദേഹം ആ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും, ഉണ്ടെങ്കില്‍ രമേശ് ചെന്നിത്തലയോട് പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും മാറാന്‍ അദ്ദേഹം ആവശ്യപ്പെടുമോയെന്നും കോടിയേരി ചോദിച്ചു.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ്-ബിജെപി മുന്നണിയുടെ തീവ്രവര്‍ഗീയതയെ കോണ്‍ഗ്രസ് പ്രതിരോധിക്കാന്‍ ശ്രമിച്ചത് മൃദുവര്‍ഗീയതയെ ഉപയോഗിച്ചാണ്. കര്‍ണാടകത്തില്‍ തിരിച്ചടിയേറ്റ അതേ നയവും കൊണ്ടാണ് അവര്‍ ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അനുഭവങ്ങളില്‍ നിന്ന് പഠിക്കാത്ത കോണ്‍ഗ്രസിനെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട് എന്ന് ചെങ്ങന്നൂര്‍ ബോധ്യപ്പെടുത്തുന്നു. ഇത്തരം തിരിച്ചടികളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ല. മതനിരപേക്ഷതയെ ഉയര്‍ത്തിപ്പിടിച്ചാണ് വര്‍ഗീയതയെ എതിര്‍ക്കേണ്ടത്. എല്‍ഡിഎഫിന്റെ ആ മുദ്രാവാക്യത്തെ ജനങ്ങള്‍ അംഗീകരിച്ചിരിക്കുന്നു.

തൃപുര തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാവിപൂശി വിജയം നേടിയ ബിജെപി, അടുത്ത ലക്ഷ്യം കേരളമാണെന്ന് പ്രഖ്യാപിച്ചാണ് ചെങ്ങന്നൂരിലേക്ക് വന്നത്. പക്ഷെ, കേരളത്തിന്റെ പ്രബുദ്ധത വര്‍ഗീയ ശക്തികളെ ഉള്‍ക്കാള്ളില്ല എന്ന് നന്നായി ബോധ്യപ്പെടുത്തിക്കൊടുത്തിരിക്കുന്നു. കോര്‍പ്പറേറ്റ് പാദസേവ ചെയ്യുന്ന, നവ ഉദാരവല്‍ക്കരണ നയങ്ങളുടെ വക്താക്കളായ ബിജെപിയും കോണ്‍ഗ്രസും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടൂ. ആ തിരിച്ചറിവാണ് ചെങ്ങന്നൂരില്‍ പ്രതിഫലിച്ചത്.

ചെങ്ങന്നൂരില്‍ ആര്‍എസ്എസ് നേതൃത്വത്തില്‍ ആക്രമണം അഴിച്ചുവിടാന്‍ ശ്രമിച്ചിരുന്നു. യുഡിഎഫ് അതുകണ്ട് ഊറിചിരിച്ചു. പക്ഷെ, ജനങ്ങള്‍ പ്രതികരിച്ചു. സമാധാനത്തിന്റെ പക്ഷത്ത് അവര്‍ നിലകൊണ്ടു. സമാധാനവും വികസനവും മണ്ഡലത്തില്‍ സാധിതമാവണമെങ്കില്‍ ഇടതുപക്ഷത്തെ ഹൃദയപക്ഷമാക്കണമെന്ന് അവിടുത്തെ ജനങ്ങള്‍ തീരുമാനിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ ശക്തി പകര്‍ന്നു.

ഈ വിജയം ഞങ്ങളെ അഹങ്കാരികളാക്കുന്നില്ല. കൂടുതല്‍ വിനയത്തോടെ, ജനങ്ങളുടെ സവിധത്തില്‍ അവരുടെ ബഹുമുഖങ്ങളായ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ഞങ്ങളുണ്ടാവും. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ, ജാതി-മത ഭേദമില്ലാതെ എല്ലാവരുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഇടതുപക്ഷത്തിന്റെ പ്രതിനിധി സജി ചെറിയാന്‍ നിറഞ്ഞുനില്‍ക്കും. ഇടതുപക്ഷത്തിന് മികച്ച വിജയം സമ്മാനിച്ച ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ക്ക് ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു, കോടിയേരി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top