അട്ടിമറി വിജയം പ്രതീക്ഷിച്ചു, ഉള്ള വോട്ടുകള്‍ കൂടി നഷ്ടമായി; ഞെട്ടല്‍ മാറാതെ ബിജെപി

ചെങ്ങന്നൂര്‍: 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട മണ്ഡലം ചെങ്ങന്നൂരായിരുന്നു. എല്‍ഡിഎഫിന്റെ വിജയമോ യുഡിഎഫിന്റെ പരാജയമോ ആയിരുന്നില്ല ചര്‍ച്ചയായത്. മറിച്ച് ബിജെപി ഉണ്ടാക്കിയ മുന്നേറ്റമായിരുന്നു. 2011 ല്‍ വെറും ആറായിരത്തോളം വോട്ടുകള്‍ നേടിയ മണ്ഡലത്തില്‍ 42,000 ല്‍ പരം വോട്ടുകള്‍ നേടിയാണ് അഭിമാനത്തോടെ മൂന്നാം സ്ഥാനത്ത് എത്തിയത്. സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍ പിള്ളയായിരുന്നു. അന്നുമുതല്‍ ബിജെപി കേന്ദ്രനേതൃത്വം ഉള്‍പ്പെടെ നോട്ടമിട്ട മണ്ഡലമാണ് ചെങ്ങന്നൂര്‍. ആഞ്ഞ് പിടിച്ചാല്‍ വിജയം സുനിശ്ചിതമെന്ന് ഉറപ്പിച്ചു.

എ കാറ്റഗറിയില്‍പ്പെടുത്തി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉറപ്പായും വിജയിക്കുന്ന മണ്ഡലമായിക്കണ്ടായിരുന്നു ബിജെപിയുടെ പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. 2021 ആയിരുന്നു ലക്ഷ്യം. എന്നാല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നിനച്ചിരിക്കാതെ വന്നതാണെങ്കിലും ശക്തിതെളിയിക്കാനും ഒരു അട്ടിമറി വിജയം നേടാനും ഉള്ള അവസരമായിട്ടായിരുന്നു ബിജെപി ഇതിനെ കണ്ടത്. കഴിഞ്ഞ തവണത്തെ വോട്ട് വിഹിതമായിരുന്നു ഇതിന് പിന്നില്‍. ഒപ്പം സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായ പിഎസ് ശ്രീധരന്‍ പിള്ളയെന്ന സ്ഥാനാര്‍ത്ഥിയും. ഇത്തവണ വിജയം ഉറപ്പിച്ച മട്ടിലായിരുന്നു ബിജെപി മുന്നോട്ട് പോയത്. എന്നാല്‍ എന്‍ഡിഎയില്‍ ഉടലെടുത്ത അന്തഛിദ്രങ്ങള്‍ തുടക്കത്തിലെ കല്ലുകടിയായി. കഴിഞ്ഞ തവണ കരുത്തുകാട്ടാന്‍ കൂടെ നിന്ന ബിഡിജെഎസ് ഇടഞ്ഞു. അവരെ അനുനയിപ്പിക്കാന്‍ യാതൊരു ശ്രമവും ബിജെപി ദേശീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതുമില്ല.

കഴിഞ്ഞ തവണ 42, 682 വോട്ടുകള്‍ നേടിയ ബിജെപിക്ക് ഇത്തവണ നേടാനായത് 35, 270 വോട്ടുകള്‍. കുറഞ്ഞത് 7,412 വോട്ടുകള്‍. 2016 ല്‍ യുഡിഎഫുമായുള്ള വ്യത്യാസം വെറും 215 വോട്ടുകള്‍ മാത്രം. ഇത്തവണ വ്യത്യാസം 11, 077 വോട്ടുകള്‍. 2016 ല്‍ 42, 897 വോട്ടുകള്‍ നേടിയ യുഡിഎഫ് ഇത്തവണ നേടിയത് 46, 347 വോട്ടുകള്‍. കഴിഞ്ഞ തവണ തിരുവന്‍വണ്ടൂരില്‍ 29 വോട്ടിന്റെ ലീഡോടെ ഒന്നാം സ്ഥാനത്തെത്തിയ ബിജെപി പുലിയൂര്‍, ബുധനൂര്‍, ചെറിയനാട്, വെണ്മണി എന്നീ പഞ്ചായത്തുകളില്‍ യുഡിഎഫിനെ മറികടന്ന് രണ്ടാം സ്ഥാനത്തും എത്തി. എന്നാല്‍ ഇത്തവണ തിരുവന്‍വണ്ടൂരില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞു എന്നത് മാത്രമാണ് ആശ്വാസം.

ഇത്തവണ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത് ചെന്നിത്തല പഞ്ചായത്തില്‍ നിന്നാണ്. 3906 വോട്ടുകളാണ് ഇവിടെ ലഭിച്ചത്. എല്ലാ പഞ്ചായത്തുകളിലും ബിജെപിക്ക് വോട്ടുകള്‍ കുറഞ്ഞു. കഴിഞ്ഞ തവണ അഞ്ച് പഞ്ചായത്തുകളില്‍ നാലായിരത്തിലേറെ വോട്ടുകള്‍ ലഭിച്ചെങ്കില്‍ ഇത്തവണ ഒരു പഞ്ചായത്തില്‍ പോലും നാലായിരം കടന്നില്ല.

DONT MISS
Top