തൊഴിലിടത്തെ തര്‍ക്കം; എരുമപ്പെട്ടിയില്‍ മധ്യവയസ്‌കനെ കുത്തി കൊലപ്പെടുത്തി

കൊല്ലപ്പെട്ട ശാന്തിനികേതന്‍

എരുമപ്പെട്ടി: എരുമപ്പെട്ടി വേലൂര്‍ തണ്ടിലം കുറുവന്നൂരില്‍ മധ്യവയസ്‌കനെ കുത്തി കൊലപ്പെടുത്തി. തണ്ടിലം പടിഞ്ഞാറൂട്ട് ശാന്തിനികേതനാണ് മരിച്ചത്. കുറുവന്നൂര്‍ ചീനിക്കവളപ്പില്‍ രാജുവാണ് കത്തി ഉപയോഗിച്ച് കുത്തിയത്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പറയുന്നു. ഇന്നലെ വൈകീട്ട് ആറ് മണിയോടെ കുറുവന്നൂര്‍ ക്ഷേത്രത്തിന് സമീപമുള്ള റോഡില്‍ വെച്ചാണ് സംഭവം.

കൊച്ചുമക്കളുമായി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ശാന്തിനികേതന്‍ ഒരുമിച്ച് തൊഴില്‍ ചെയ്യുന്ന സുഹൃത്തും കൂടിയായ രാജുവിനെ കണ്ടപ്പോള്‍ ബൈക്ക് നിര്‍ത്തുകയായിരുന്നു. സംസാരിക്കുന്നതിനിടയില്‍ കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് രാജു ശാന്തിനികേതന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ തൃശൂര്‍ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇതിന് ശേഷം എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലേക്ക് കത്തിയുമായി നടന്നു പോവുകയായിരുന്ന രാജുവിനെ നാട്ടുകാര്‍ ഓട്ടോ റിക്ഷയില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചു. നിര്‍മ്മാണ തൊഴിലാളികളാണ് രണ്ടു പേരും. തൊഴിലിടത്തില്‍ വെച്ച് വഴക്കു പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് കുത്തിയതെന്നാണ് രാജു പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

എന്നാല്‍ പരസ്പര വിരുദ്ധമായാണ് ഇയാള്‍ സംസാരിക്കുന്നതെന്നും മൊഴി വിശ്വാസയോഗ്യമല്ലെന്നും പോലീസ് പറയുന്നു. കസ്റ്റഡിയിലുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്. രാജു മുമ്പ് മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നതായും നാട്ടുകാര്‍ പറയുന്നു.

DONT MISS
Top