സലായ്‌ക്കെതിരായ ഫൗള്‍: റാമോസിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതിയില്‍ ഒപ്പുവെച്ചത് അഞ്ചുലക്ഷത്തിലധികം പേര്‍

കെയ്‌റോ: ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായെ ഫൗള്‍ ചെയ്ത റയല്‍ മാഡ്രിഡിന്റെ സെര്‍ജിയോ റാമോസിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള പരാതിയില്‍ അഞ്ച് ലക്ഷത്തിലധികം പേര്‍ ഒപ്പുവെച്ചു. സലായുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന തരത്തിലാണ് പരുക്ക്.

ന്യായമായി കളി വിജയിക്കുന്നതിന് പകരം കളിയുടെ സ്പിരിറ്റ് നശിപ്പിക്കുന്ന തരത്തില്‍ റാമോസ് തന്ത്രങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നും, റാമോസ് സലായെ വലിച്ചിടുകയായിരുന്നുവെന്നും ഫിഫയ്ക്കും യുഇഎഫ്എയ്ക്കും അയച്ച ഹര്‍ജിയില്‍ പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. change.org എന്ന വെബ്‌സൈറ്റ് വഴിയാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.

റയല്‍ മാഡ്രിഡിന്റെ പ്രതിരോധ താരമായ റാമോസിന്റെ കടുത്ത ഫൗളിലാണ് ഇരുപത്തിയഞ്ചുകാരനായ സലായ്ക്ക് തോളിന് പരുക്കേറ്റത്. കണ്ണീരോടെ കളംവിട്ട സലാ ലോകകപ്പില്‍ കളിക്കാനാകുമെന്ന് നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നെങ്കിലും ടീം ഫിസിയോ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം പ്രാഥമിക മത്സരങ്ങള്‍ നഷ്ടമാകുമെന്നുറപ്പാണ്. മൂന്നുമുതല്‍ നാലാഴ്ചവരെ വിശ്രമം വേണ്ടിവരുമെന്നാണ് ഫിസിയോ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ജൂണ്‍ പതിനാലിനാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഫിഫ നിയമപ്രകാരം ജൂണ്‍ നാലിന് മുന്‍പ് ടീമുകള്‍ അന്തിമ പട്ടിക പുറത്തിറക്കണം, നിലവിലെ സാഹചര്യത്തില്‍ സലായ്ക്ക് ഇത് കനത്ത വെല്ലുവിളിയാണ്. ജൂണ്‍ 15 ന് ഉറഗ്വേയുമായിട്ടാണ് ഈജിപ്തിന്റെ ആദ്യ മത്സരം.

DONT MISS
Top