ഈജിപ്തിന് തിരിച്ചടി: സലായ്ക്ക് ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നഷ്ടമാകും

മുഹമ്മദ് സലാ

കെയ്‌റോ: റയല്‍ മാഡ്രിഡുമായുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ പരുക്കേറ്റ ലിവര്‍പൂള്‍ താരം മുഹമ്മദ് സലായ്ക്ക് ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നഷ്ടമായേക്കും. തോളിന് പരുക്കേറ്റ താരത്തിന് മൂന്നുമുതല്‍ നാലാഴ്ചവരെ വിശ്രമം വേണ്ടിവരുമെന്ന് ടീം ഫിസിയോ അറിയിച്ചു. ഈജിപ്തിന്റെ ലോകകപ്പ് സ്വപന്ങ്ങള്‍ക്ക് സലായുടെ പരുക്ക് കനത്ത തിരിച്ചടി നല്‍കും.

റയല്‍ മാഡ്രിഡിന്റെ പ്രതിരോധ താരം സെര്‍ജിയോ റാമോസിന്റെ കടുത്ത ഫൗളിലാണ് ഇരുപത്തിയഞ്ചുകാരനായ സലായ്ക്ക് പരുക്കേറ്റത്. കണ്ണീരോടെ കളംവിട്ട സലാ ലോകകപ്പില്‍ കളിക്കാനാകുമെന്ന് നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നെങ്കിലും ടീം ഫിസിയോ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം പ്രാഥമിക മത്സരങ്ങള്‍ നഷ്ടമാകുമെന്നുറപ്പാണ്.

‘ഇപ്പോള്‍ പരുക്കില്‍ നിന്ന് പൂര്‍ണമായി മോചിതനാകുക എന്നതാണ് ലക്ഷ്യം. മൂന്ന് മുതല്‍ നാലാഴ്ചവരെ വേണ്ടിവന്നേക്കാം. ഈ കാലയളവ് കുറയ്ക്കാന്‍ ഞങ്ങള്‍ ശ്രമിക്കും, വലിയൊരു ദൗത്യം തന്നെയാണത്,’ ഫിസിയോ വ്യക്തമാക്കി. താരത്തിന്റെ പരുക്ക് ഗുരുതരമാണെന്ന് നേരത്തെ ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പും അറിയിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി സലാ കഴിഞ്ഞ ഞായറാഴ്ച സ്‌പെയിനിലേക്ക് പോയിരുന്നു. സീസണില്‍ ഇതുവരെ 44 ഗോളുകള്‍ അടിച്ചുകൂട്ടിയ താരം തകര്‍പ്പന്‍ ഫോമിലാണ്. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

സലാ എത്രയും പെട്ടെന്ന് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്ന് ഈജിപ്ഷ്യന്‍ ഫെഡറേഷന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം ജൂണ്‍ പതിനാലിനാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഫിഫ നിയമപ്രകാരം ജൂണ്‍ നാലിന് മുന്‍പ് ടീമുകള്‍ അന്തിമ പട്ടിക പുറത്തിറക്കണം, നിലവിലെ സാഹചര്യത്തില്‍ സലായ്ക്ക് ഇത് കനത്ത വെല്ലുവിളിയാണ്. ജൂണ്‍ 15 ന് ഉറഗ്വേയുമായിട്ടാണ് ഈജിപ്തിന്റെ ആദ്യ മത്സരം.

DONT MISS
Top