കെവിന്റെ കൊലപാതകം ചെങ്ങന്നൂരിലും കത്തുന്നു: കൊലയ്ക്ക് പിന്നില്‍ സജി ചെറിയാന്റെ ഗൂണ്ടകളെന്ന് ആരോപണം, പ്രചരണം ശക്തം

പ്രചരിക്കുന്ന പോസ്റ്റര്‍

ചെങ്ങന്നൂര്‍: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കോട്ടയം സ്വദേശി കെവിന്‍ ജോസഫ് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിന്റെ അലയൊലികള്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരിലും. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനെതിരെ വന്‍ പ്രചരണമാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നത്. കെവിന്റെ കൊലപാതകത്തിന് പിന്നില്‍ സജി ചെറിയാന്റെ ഗൂണ്ടാ സംഘമാണെന്നാണ് പ്രചരിക്കുന്നത്. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് പ്രചാരണം നടക്കുന്നത്.

പുനലൂരിലെ അരുംകൊലയ്ക്ക് പിന്നില്‍ ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ ഇലക്ഷന്‍ പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഡിവൈഎഫ്‌ഐ സംഘമാണെന്ന് ആരോപണം ഉയരുന്നത്. കെവിനെ കൊന്നവര്‍ ചെങ്ങന്നൂരില്‍ വോട്ട് ചോദിക്കുന്നു, സജി ചെറിയാനെ ഒറ്റപ്പെടുത്തുക, കൊലപാതകത്തിന് പിന്നില്‍ സജി ചെറിയാന്റെ ഗൂണ്ടാ സംഘം എന്നിവയാണ് പോസ്റ്ററുകളില്‍ നിറയുന്നത്. സ്ത്രീകളെ വിധവകളാക്കുന്ന ഈ ദുര്‍ഭരണത്തിന് ചെങ്ങന്നൂര്‍ കൂട്ട്‌നില്‍ക്കണോയെന്ന് ചോദിച്ചും പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്.

പ്രചരിക്കുന്ന പോസ്റ്റര്‍

കെവിനെ തട്ടിക്കൊണ്ടുപോയ സംഘാംഗങ്ങള്‍ക്കെല്ലാം ഡിവൈഎഫ്‌ഐ ബന്ധം ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ രണ്ട് പേരെ ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ യൂണിറ്റ് പുറത്താക്കിയിട്ടുണ്ട്. സംഘത്തില്‍ ഉണ്ടായിരുന്ന നിയാസ് എന്നയാള്‍ ഡിവൈഎഫ്‌ഐ തെന്‍മല യൂണിറ്റ് മുന്‍ സെക്രട്ടറിയാണ്. പത്ത് പേരടങ്ങുന്ന സംഘമാണ് കെവിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ചെങ്ങന്നൂരില്‍ മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ വന്‍ പോളിംഗാണ് രേഖപ്പെടുത്തുന്നത്. ഇതിനോടകം 63 ശതമാനം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. വോട്ടിംഗ് ദിനത്തിലുണ്ടായിരിക്കുന്ന ഈ സംഭവം എല്‍ഡിഎഫിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം നടത്തുന്നതില്‍ കോട്ടയം ഗാന്ധിനഗര്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. ഇത് പ്രതിപക്ഷം മുതലാക്കുന്നുണ്ട്. പൊലീസ് സ്റ്റേഷന് മുന്നില്‍ ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധം സംഘടിപ്പിച്ചു.

DONT MISS
Top