‘ജോഷിയല്ല, കോഹ്‌ലി ചതിച്ചാശാനേ’, ഒറിജിനലിനെ വെല്ലും ഈ സൂപ്പര്‍ ഡ്യൂപ്പര്‍ അപരന്‍

ഷിരൂര്‍:  മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രമായ കോട്ടയം കുഞ്ഞച്ചനില്‍ നടന്‍ മോഹന്‍ലാലിനെ കാത്തിരിക്കുന്ന ജനക്കൂട്ടത്തിനിടയിലേയ്ക്ക് നടന്‍ കൃഷ്ണന്‍ക്കുട്ടി നായര്‍ വന്നിറങ്ങുന്ന രംഗം മലയാളികളില്‍ ഇന്നും ചിരി ഉണര്‍ത്തുന്നതാണ്. എന്നാല്‍ ഈ  രംഗത്തെ ഓര്‍മിപ്പിക്കും വിധത്തില്‍  ഒരു സംഭവം അരങ്ങേറിയിരിക്കുകയാണ് അങ്ങ് മഹാരാഷ്ട്രയില്‍.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഷ്ട്രീയ നേതാക്കള്‍ പയറ്റുന്ന പലവിധ തന്ത്രങ്ങളില്‍ ഒന്നായിരുന്നു പ്രമുഖരെ ഉള്‍പ്പെടുത്തികൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍. അവയിലൊന്നായിരുന്നു ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കുമെന്നത്.

ഷിരൂരിലെ രാമലിംഗ ഗ്രാമപഞ്ചായത്തിലെ സര്‍പഞ്ച് തെരഞ്ഞെടുപ്പാണ് രംഗം. പ്രചരണത്തിന്റെ ഭാഗമായി മെയ് 25ന്റെ റാലിയില്‍ വിരാട് കോഹ്‌ലി പങ്കെടുക്കുമെന്നായിരുന്നു നേതാക്കള്‍ അടിച്ചുവിട്ട വാര്‍ത്തകള്‍. ഇതിന് പിന്നാലെ തന്നെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഗണപത് ഗവാദെയുടെ ചിത്രത്തിനൊപ്പം കോഹ്‌ലിയുടെ ചിത്രവും വച്ച് വലിയ ഫ്ലക്സുകളും നിരത്തുകളില്‍ നിറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് കോഹ്‌ലിയ്ക്ക് യാതൊരുവിധ അറിവും ഇല്ലെന്നതാണ്  യാഥാര്‍ത്ഥ്യം.

കോഹ്‌ലിയെ പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്കിടയിലേയ്ക്ക് കോഹ്‌ലി പോലും ഞെട്ടിപ്പോകുന്ന ഡ്യൂപ്പിനെയാണ് നേതാക്കള്‍ രംഗത്തിറക്കിയത്. സംഭവത്തിന് പിന്നാലെ കോഹ്‌ലിയുടെ ഡ്യൂപ്പാണ് ട്വിറ്ററില്‍ താരം. കോഹ്‌ലിയുടെ ഡ്യൂപ്പിനെ കണ്ട് ചിരി നിര്‍ത്താനാകുന്നില്ലെന്നാണ് ആരാധകരുടെ പ്രതികരണം. അതേസമയം നേതാക്കള്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

DONT MISS
Top