ചെങ്ങന്നൂരില്‍ വോട്ട് കിട്ടാന്‍ എന്തുംചെയ്യും യുഡിഎഫ്; സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ ഇന്ധനവില പകുതിയാകുമെന്ന് നുണപ്രചരണം; പോസ്റ്ററില്‍ പിണറായിയുടെ മുഴുനീള ചിത്രം

ചെങ്ങന്നൂരിലെ ജനങ്ങള്‍ പോളിംഗ് ബൂത്തുകളിലേക്കെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അവസാനവട്ട അടവുകളുമായി പാര്‍ട്ടികള്‍ രംഗത്തെത്തി. ഏതുതരത്തിലും ശ്രമിച്ച് വോട്ടുകള്‍ സ്വന്തം പെട്ടിയിലാക്കാന്‍ മുന്നണികള്‍ മത്സരിക്കുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലുമപ്പുറം നുണപറഞ്ഞ് നേടാന്‍ ശ്രമിക്കുകയാണ് യുഡിഎഫ്.

നാല് വോട്ടിനായി എത്രത്തോളം തരംതാഴാമോ അത്രത്തോളം താഴ്ന്നുകൊണ്ടുള്ള രീതിയാണ് യുഡിഎഫ് ഇവിടെ അനുവര്‍ത്തിക്കുന്നത്. കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍ പോലും നുണപ്രചരണത്തിന് കൂട്ടുനില്‍ക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാനുള്ള പോസ്റ്ററുകളാണ് യുഡിഎഫിന്റെ അവസാന ആയുധം.

പെട്രോള്‍-ഡീസല്‍ വില നിരന്തരം വര്‍ദ്ധിപ്പിക്കാന്‍ എണ്ണക്കമ്പനികളെ കെട്ടഴിച്ചുവിടുന്ന കേന്ദ്രസര്‍ക്കാന്‍ നയത്തിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധം നടക്കുമ്പോള്‍ ഇവിടെ എല്‍ഡിഎഫ് സര്‍ക്കാറിനെ കുറ്റം പറയാനാണ് യുഡിഎഫ് ശ്രമം. അതും സംഘപരിവാര്‍ മോഡലില്‍ പച്ചക്കള്ളം പ്രചരിപ്പിച്ച് എല്‍ഡിഎഫിനെ കുറ്റപ്പെടുത്തുക എന്നതാണ് സ്വീകരിച്ചിരിക്കുന്ന രീതി.

സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചാല്‍ ഇന്ധനവില പകുതിയാകും. ജനങ്ങള്‍ നട്ടംതിരിയുന്നത് പിണറായി സര്‍ക്കാറിന്റെ പണക്കൊതി മൂലം എന്നതാണ് യുഡിഎഫ് പോസ്റ്ററിലെ വാചകങ്ങള്‍. എന്താണ് ആരോപിക്കുന്നത് എന്ന് യാതൊരു ഉത്തരവാദിത്തവുമില്ലാതെ നുണപ്രചരണം നടത്തി വോട്ടുകള്‍ നേടാന്‍ ശ്രമിക്കുന്ന തന്ത്രം സോഷ്യല്‍ മീഡിയ പൊളിക്കുകയും ചെയ്തു.

പെട്രോളിന് 31.8 ശതമാനവും ഡീസലിന് 24.52 ശതമാനവുമാണ് സംസ്ഥാനം ഈടാക്കുന്ന നികുതി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍തന്നെ ഇതിലും നികുതി ഈടാക്കുന്നുമുണ്ട്. എങ്കിലും ഇവിടെ എല്‍ഡിഎഫ് സര്‍ക്കാറിന് പണക്കൊതിയാണെന്നാണ് ആരോപണം. അതും കേരളാ സര്‍ക്കാര്‍ വിചാരിച്ചാല്‍ ഇന്ധനവില പകുതിയാകുമെന്നാണ് പ്രചരണം. കണക്കുകള്‍ നിരത്തി പറയുന്ന കാര്യം വ്യക്തമാക്കാന്‍ സോഷ്യല്‍ മീഡിയ എംഎം ഹസ്സനെപ്പോലെ ഈ നുണപ്രചരണം നടത്തുന്നവരെ വെല്ലുവിളിക്കുന്നുണ്ട്.

പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത് പിണറായിയുടെ മുഴുനീള ചിത്രമാണ്. ശരിക്കും ഒരു തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററിന്റെ മാതൃകയില്‍ സംസ്ഥാന/കേന്ദ്ര നേതാക്കള്‍ നില്‍ക്കുന്നതുപോലെ പിണറായിയുടെ മുഴുനീള ചിത്രം. ഒട്ടും നിഷ്‌കളങ്കമല്ലാത്ത കൃത്യമായ രാഷ്ട്രീയം പ്രബുദ്ധരായ ഓരോ വോട്ടറും മനസിലാക്കുമെന്ന കാര്യവും യുഡിഎഫ് പരിഗണിക്കുന്നേയില്ല. ഒരു മൂലയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി വിജയകുമാറിന്റെ ചിത്രവുമുണ്ട്.

വോട്ടിനുവേണ്ടി ഇത്തരത്തില്‍ ചെയ്താല്‍ അത് ആത്യന്തികമായി സംഘപരിവാറിനാണ് ഗുണം ചെയ്യുക എന്നതൊന്നും യുഡിഎഫിന് വിഷയമേയല്ല. മുന്‍പിന്‍ നോക്കാതെ നടത്തുന്ന ഇത്തരം നുണപ്രചരണം എന്തിലേക്കാണ് നയിക്കുക എന്നത് ആര്‍ക്കുമൂഹിക്കാം.

എംഎം ഹസ്സന്റെ ട്വീറ്റ് താഴെ കാണാം.

DONT MISS
Top