തേന്മാവിന്‍ കൊമ്പത്ത് വീണ്ടും റിലീസിനൊരുങ്ങുന്നു; എത്തുന്നത് 4കെ മികവില്‍


മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ എക്കാലത്തേയും ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായ തേന്മാവിന്‍ കൊമ്പത്ത് വീണ്ടും റിലീസിനൊരുങ്ങുന്നു. 1994ല്‍ റിലീസ് ചെയ്ത ഈ ചിത്രം തിയേറ്ററില്‍ പോയി കാണാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് കൊതിക്കാത്ത മോഹന്‍ലാല്‍ ആരാധകരുണ്ടാകില്ല. മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത തമാശാ രംഗങ്ങളും അഭിനയ പ്രകടനങ്ങള്‍കൊണ്ടും സമ്പന്നമായിരുന്നു ചിത്രം.

ഇപ്പോള്‍ വീണ്ടും റിലീസിനൊരുങ്ങുകയാണ് തേന്മാവിന്‍ കൊമ്പത്ത്. ഇ4എന്റര്‍ടൈന്‍മെന്റ്‌സാകും ചിത്രം തിയേറ്ററിലെത്തിക്കുക. 4കെ റെസല്യൂഷനില്‍ ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയാണ് ഇത്തവണ ചിത്രമെത്തുക. ഇതോടെ വീണ്ടും ചിത്രം തിയേറ്ററില്‍ കാണാനുള്ള സൗകര്യമാണ് പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്. തുടര്‍ന്നും ചില മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഇതേ രീതിയില്‍ തിയേറ്ററിലെത്തിക്കാന്‍ ഇ4എന്റര്‍ടൈന്‍മെന്റ്‌സിന് പദ്ധതിയുണ്ട്.

മോഹന്‍ലാല്‍, ശോഭന, നെടുമുടിവേണു, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, ശ്രീനിവാസന്‍, ശങ്കരാടി, കുതിരവട്ടം പപ്പു എന്നിവര്‍ മത്സരിച്ച് അഭിനയിച്ച ചിത്രം ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായി മാറി എന്നുമാത്രമല്ല, പുരസ്‌കാരങ്ങളും വാരിക്കൂട്ടി. രണ്ട് ദേശീയ അവാര്‍ഡുകളും അഞ്ച് സംസ്ഥാന അവാര്‍ഡുകളും ചിത്രത്തിന് ലഭിച്ചു. ഇങ്ങനെ എല്ലാതരത്തിലും മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായി തേന്മാവിന്‍ കൊമ്പത്ത് മാറി.

DONT MISS
Top