കര്‍ണാടകയില്‍ വിശ്വാസവോട്ട് നേടി കുമാരസ്വാമി; ബിജെപി ബഹിഷ്‌കരിച്ചു

ബംഗളൂരു: കര്‍ണാടകത്തില്‍ എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ബിജെപി ബഹിഷ്‌കരിച്ചു. ബിഎസ് യെദ്യൂരപ്പയുടെ പ്രസംഗത്തിന് ശേഷം വോട്ടെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി അംഗങ്ങള്‍ സഭയില്‍ നിന്നിറങ്ങിപോകുകയായിരുന്നു.

സഭയില്‍ മുഖ്യമന്ത്രി കുമാരസ്വാമിയും പ്രതിപക്ഷ നേതാവ് ബിഎസ് യെദ്യൂരപ്പയും സംസാരിച്ചു. 221 അംഗസഭയില്‍  കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117 പേരുടെ പിന്തുണയാണ് ഉള്ളത്.

ബിജെപിയുമായി സഖ്യമുണ്ടാക്കിയത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത അധ്യായമാണെന്ന്  മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു. ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന് കുമാരസ്വാമി പിതാവ് ദേവഗൗഡയോട് മാപ്പ് പറഞ്ഞു.  സഭയില്‍ വിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുമായി സഖ്യം ചേര്‍ന്ന തന്റെ തീരുമാനം പിതാവിനെ ദുഃഖിപ്പിച്ചിരുന്നുവെന്നും അതിന് മാപ്പ് ചോദിക്കുന്നതായും കുമാരസ്വാമി പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതിന്  കോണ്‍ഗ്രസിന് നന്ദിയുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. വിശ്വാസവോട്ടെടുപ്പിന് ശേഷം മന്ത്രിസഭാ രൂപീകരണമടക്കമുള്ള കാര്യങ്ങള്‍ നടക്കും.

ഇന്ന് നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് കെആര്‍ രമേശ് കുമാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എസ് സുരേഷ് കുമാര്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതോടെയാണിത്. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായിരുന്നു സ്പീക്കര്‍ തെരഞ്ഞെടുപ്പ്.

DONT MISS
Top