ചെങ്ങന്നൂരിൽ ബിജെപിയുടെ പിആർഒ ആയി കോടിയേരി അധ:പതിച്ചു :ചെന്നിത്തല

രമേശ് ചെന്നിത്തല

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിൽ ബിജെപിയുടെ പിആർഒ ആയി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ:പതിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  കോടിയേരിയുടെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും കണ്ട് കുമ്മനം രാജശേഖരന്‍ പോലും ഞെട്ടിയിരിക്കുകയാണെന്നും ചെന്നിത്തല പരിഹസിച്ചു.

ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയ്ക്ക് വോട്ട് കൂടണമെന്ന് ആഗ്രഹിക്കുന്ന പാര്‍ട്ടിയായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അധഃപതിച്ചതില്‍ തനിക്ക് ദുഃഖമുണ്ടെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള ബാന്ധവം കേരളത്തില്‍ പരസ്യമായ രഹസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയനെയും ചെന്നിത്തല വെല്ലുവിളിച്ചു. ഭരണത്തിന്റെ വിലയിരുത്തലാണ് ചെങ്ങന്നൂർ തെരെഞ്ഞെടുപ്പ് എന്ന് പറയാനുള്ള ധൈര്യം പിണറായിക്കുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. വികസനം എന്നത് പിണറായിക്ക് വാചകമടി മാത്രമാണെന്നും  ആലപ്പുഴ ജില്ലയിൽ പെരുമാറ്റ ചട്ടം നിലനിൽക്കെയാണ് ഇതിന് വിരുദ്ധമായി സർക്കാർ ഇല്ലാത്ത നേട്ടം ഉയർത്തി പരസ്യം നൽകുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മണ്ഡലത്തില്‍  എൽ ഡിഎഫ് വിജയിക്കുമെന്നത് പിണറായി മനപ്പായസം ഉണ്ണുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

DONT MISS
Top