തൂത്തുക്കുടി വെടിവെപ്പ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തിങ്കളാഴ്ച പരിഗണിക്കും

സുപ്രിം കോടതി

ദില്ലി: തൂത്തുക്കുടി പൊലീസ് വെടിവെപ്പ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് സുപ്രിം കോടതി. ജില്ലാ കളക്ടര്‍, എസ്പി എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. അഭിഭാഷകനായ ജിഎസ് മണിയാണ് ഹര്‍ജി നല്‍കിയത്.

തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് ഇന്റസ്ട്രിയല്‍ പ്ലാന്റുകള്‍ക്കെതിരെ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. തൂത്തുക്കുടിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള പൊലീസിന്റെ വെടിവെപ്പ് ആസൂത്രിതമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സമരക്കാരെ പിരിച്ചുവിടാനുള്ള മുന്നറിയിപ്പ് എന്ന നിലയില്‍ ആകാശത്തേയ്ക്ക് വെടിവെയ്ക്കാത്തതും പൊലീസിനെതിരെയുള്ള സംശയം ബലപ്പെടുത്തുന്നു. സാധാരണവേഷത്തിലെത്തി പരീശീലനം നേടിയ ഷൂട്ടര്‍ പൊലീസ് ബസിനു മുകളില്‍ കയറി നിന്ന് സമരക്കാരെ തെരഞ്ഞുപിടിച്ച് വെടിവെയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഫെബ്രുവരി അവസാനം ആരംഭിച്ച സമരത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയതോതിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ വിവിധ പ്ലാന്റുകളില്‍ നിന്ന് ഉയരുന്ന വിഷപുകയും മാലിന്യങ്ങളും ശ്വാസകോശ രോഗത്തിനും മറ്റും കാരണമാകുന്നുണ്ടെന്ന് ദീര്‍ഘനാളായി പ്രദേശവാസികള്‍ പരാതിപ്പെടുന്നുണ്ട്. പ്ലാന്റുകള്‍ വികസിപ്പിക്കാന്‍ കമ്പനി തീരുമാനിച്ച സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രക്ഷോഭത്തിന് ഒരുങ്ങിയത്.

DONT MISS
Top