നാട്ടുമാമ്പഴ രുചി നുകര്‍ന്ന് കുരുന്നുകള്‍

കാസര്‍ഗോഡ് : ഗ്രീന്‍ എര്‍ത്തിന്റെ തുടര്‍ച്ചയായ 114ാമത്തെ ആഴ്ചയിലെ ചാലഞ്ച് ട്രി പരിപാടിയിയുടെ ഭാഗമായി കുഞ്ഞുങ്ങള്‍ ഒന്നിച്ചിരുന്ന് നാട്ടുമാമ്പഴരുചി നുകര്‍ന്നത് ശ്രദ്ധേയമായി.

കുന്നുമ്മല്‍ അങ്കണ്‍വാടിയിലാണ് ചാലഞ്ച് ട്രി പരിപാടി നടന്നത്.
പരിപാടിയുടെ ഭാഗമായി നാട്ടുമാമ്പഴങ്ങളും മരതൈകളുമായി എത്തിയ ഗ്രീന്‍ എര്‍ത്ത് പ്രവര്‍ത്തകര്‍ കുട്ടികള്‍ക്ക് പ്രകൃതിദത്തമായ നാട്ടുപഴങ്ങള്‍ കൊടുത്ത് ശീലിപ്പിക്കേണ്ടതിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും കുഞ്ഞുകൈകള്‍ കൊണ്ട് അങ്കണ്‍വാടി മുറ്റത്ത് മരതൈകള്‍ നടീക്കുകയും ചെയ്തു.

കുരുന്നുകൈകളില്‍ ഓരോ നാട്ടു മാമ്പഴങ്ങള്‍ നല്‍കിയപ്പോള്‍ അതിന്റെ മാധുര്യം നുകരുന്ന കാഴ്ച ശ്രദ്ധേയമായി. മിഠായികളുടെയും, ഐസ്‌ക്രീമുകളുടെയും, മറ്റ് കൃത്രിമ ആഹാരവസ്തുക്കളുടെയും ഇടയില്‍ നിന്ന് മാറി നിന്ന് കുഞ്ഞുങ്ങള്‍ക്ക് പ്രകൃതിദത്തമായ ശുദ്ധ ആഹാരങ്ങള്‍ കൊടുത്ത് ശീലിപ്പിക്കേണ്ടുന്ന ആവശ്യകത വിളിച്ചോതി കുരുന്നുകളുടെ നാട്ടുമാമ്പഴ രുചി നുകരല്‍.

കോട്ടച്ചേരി ജി.എല്‍.പി സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് കോമളന്റെ അധ്യ ക്ഷതയില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ രാജന്‍ കുഞ്ഞുങ്ങള്‍ക്ക് മരതൈ നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കുട്ടികള്‍ക്ക് ഗ്രീന്‍ എര്‍ത്ത് പ്രവര്‍ത്തകര്‍ മരതൈകള്‍ നല്‍കി.
അങ്കണ്‍വാടി അദ്ധ്യാപിക അനിത, ഗ്രീന്‍ എര്‍ത്ത് കോര്‍ഡിനേറ്റര്‍ കെ.കെ ഷാജി, അമല്‍ദേവ്, ആശ ഡാങ്കി എന്നിവര്‍ സംസാരിച്ചു.

DONT MISS
Top