‘ഡിഗ്രി ഫിറ്റ് ഹെ ചലഞ്ച്’ മോദിയ്ക്ക് അടുത്ത കുരുക്ക്; ബിരുദ സര്‍ട്ടിഫിക്കറ്റുമായി എത്തുമോയെന്ന് സോഷ്യല്‍ മീഡിയ

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ചിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘ഡിഗ്രി ഫിറ്റ് ഹെ ചലഞ്ചിന്’ ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് സഞ്ജയ് ഝായാണ് മോദിയെ ഡിഗ്രി ഫിറ്റ് ഹെ ചലഞ്ചിന് ക്ഷണിച്ചിരിക്കുന്നത്. നരേന്ദ്രമോദിയെ വെല്ലുവിളിച്ച് ട്വിറ്ററില്‍ തന്റെ ബിഎ, എംഎ, എംബിഎ സര്‍ട്ടിഫിക്കറ്റുകള്‍ പോസ്റ്റ് ചെയ്താണ് സഞ്ജയ് ഝാ മോദിയെ ചലഞ്ചിന് ക്ഷണിച്ചിരിക്കുന്നത്.

വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ചിനെ ഏറ്റെടുത്ത നരേന്ദ്രമോദി തന്റെ ചലഞ്ചും ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജയ് ഝാ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പോസ്റ്റ് ചെയ്ത് ചലഞ്ചിന്റെ ഭാഗമാകാന്‍ മോദിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ചൊവ്വാഴ്ച കേന്ദ്ര സ്‌പോര്‍ട്‌സ്, വാര്‍ത്താവിതരണ മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡാണ് ട്വിറ്ററില്‍ ഫിറ്റ്നസ് ചലഞ്ചിന് തുടക്കമിട്ടത്. പുഷ് അപ്പ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു റാത്തോഡ് ചലഞ്ച് നടത്തിയത്.  കോഹ്‌ലിയേയും സൈന നെഹ്‌വാളിനെയും ഹൃത്വിക് റോഷനേയും റാത്തോഡ് വെല്ലുവിളിക്കുകയായിരുന്നു.

ഈ വെല്ലുവിളി ഏറ്റെടുത്ത കോഹ്‌ലി പ്രധാനമന്ത്രി നരേന്ദ്ര മോദി, തന്റെ ഭാര്യ അനുഷ്‌ക ശര്‍മ, ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി എന്നിവരെ ചലഞ്ച് ചെയ്തിരുന്നു. ഈ വെല്ലുവിളിയാണ് പ്രധാനമന്ത്രി എറ്റെടുത്തത്. കോ​ഹ്‌​ലി​യു​ടെ വെ​ല്ലു​വി​ളി സ്വീ​ക​രി​ക്കു​ന്നു​വെ​ന്നും തന്റെ ഫി​റ്റ്ന​സ് തെ​ളി​യി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഉ​ട​ൻ പ​ങ്കു​വ​യ്ക്കു​മെ​ന്നും മോ​ദി ട്വീ​റ്റ​റി​ൽ കു​റിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് മുന്നില്‍ ഫ്യൂവല്‍ ചലഞ്ച് വച്ചത്.

DONT MISS
Top