ഒരിക്കലും നഴ്സുമാരെ വില കുറച്ച് കണ്ടിട്ടില്ല, സ്വന്തം ജീവന്‍ പോലും പണയംവെച്ച് ത്യാഗപൂര്‍ണമായ സേവനമാണവര്‍ ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രി

ആരോഗ്യ മന്ത്രി കെകെ ശൈലജ

കൊച്ചി: ഒരിക്കലും നഴ്സുമാരെ വില കുറച്ച് കണ്ടിട്ടില്ലെന്നും സ്വന്തം ജീവന്‍ പോലും പണയംവെച്ച് ത്യാഗപൂര്‍ണമായ സേവനമാണവര്‍ ചെയ്യുന്നതെന്നും ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍. നിപ വൈറസിനെതിരെ ആരോഗ്യ രംഗം ഒരേ മനസോടെ പ്രവര്‍ത്തിക്കുമ്പോള്‍ നമ്മളില്‍ ഒരംഗമായ ലിനിയെ നഷ്ടപ്പെട്ടത് അങ്ങേയറ്റം തന്നെ വേദനിപ്പിച്ചുവെന്നും ശൈലജ ടീച്ചര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

നിപ വൈറസിനെതിരെ ആരോഗ്യ രംഗം ഒരേ മനസോടെ പ്രവര്‍ത്തിക്കുമ്പോള്‍ നമ്മളില്‍ ഒരംഗമായ ലിനിയെ നഷ്ടപ്പെട്ടത് അങ്ങേയറ്റം എന്നെ വേദനിപ്പിച്ചു. സ്വന്തം ആരോഗ്യം പോലും നോക്കാതെയാണ് ലിനിയെപ്പോലുള്ള നിരവധി നഴ്സുമാര്‍ ആത്മാര്‍ത്ഥ സേവനം നടത്തുന്നത്. ലിനിയുടെ അവസാനത്തെ കത്ത് മലയാളികളെയൊന്നാകെ നൊമ്പരപ്പെടുത്തിയ പോലെ എന്നേയും വിഷമിപ്പിച്ചു. പിഞ്ച് കുഞ്ഞിന് പാല്‍ നല്‍കിയാണ് ലിനി ആശുപത്രിയിലേക്ക് തിരിച്ചത്. പിന്നെ ആ രണ്ട് കുട്ടികള്‍ക്കും അമ്മയെ കാണാന്‍ കഴിഞ്ഞില്ല. ആരോഗ്യ വകുപ്പ് മന്ത്രി എന്ന നിലയിലുപരി ഒരു അമ്മ എന്ന നിലയില്‍ ഇതെന്നെ വല്ലാതെ സ്പര്‍ശിച്ചു. ഇനിയൊരു ജീവനക്കാര്‍ക്കും ഇങ്ങനെയൊരനുഭവം ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുകയും ചെയ്തു.

ഇതിനിടയ്ക്ക് ലോക നഴ്സസ് ദിനത്തില്‍ സന്ദര്‍ഭവശാല്‍ ഞാന്‍ പറഞ്ഞ കാര്യം വളച്ചൊടിച്ച് ചിലര്‍ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചത് വല്ലാതെ സങ്കടപ്പെടുത്തി. ഒരിക്കലും നഴ്സുമാരെ വില കുറച്ച് കണ്ടിട്ടില്ല. ആരോഗ്യ മേഖലയില്‍ ഞാന്‍ ഏറ്റവുമധികം സ്നേഹിക്കുന്നത് രോഗികളോടൊപ്പം ഏറ്റവുമധികം സമയം ചെലവഴിക്കുന്ന നഴ്സുമാരെയാണ്. അര്‍പ്പണ മനോഭാവമുള്ള നഴ്സുമാരെയാണ് ഞാന്‍ പല വേദിയിലും ഉദാഹരണമായി ചൂണ്ടിക്കാട്ടാറുള്ളത്. സ്വന്തം ജീവന്‍ പോലും പണയം വച്ച് ത്യാഗപൂര്‍ണമായ സേവനമാണവര്‍ ചെയ്യുന്നത്. നമ്മുടെ പൊതുജനാരോഗ്യ രംഗത്തിന്റെ കരുത്തായ ഈ നഴ്സുമാര്‍ ലോകത്തിന് തന്നെ മാതൃകയാണ്.

നഴ്സുമാരുടെ മഹത്വം ഓര്‍മ്മപ്പെടുത്താനും അവര്‍ക്ക് കരുത്തേകാനും കൂടിയായിരുന്നു ലിനി അനുസ്മരണം സര്‍ക്കാര്‍ തന്നെ സംഘടിപ്പിച്ചത്. മൂന്ന് മന്ത്രിമാരാണ് ഇതില്‍ പങ്കെടുത്തതെന്നോര്‍ക്കണം. ലിനിയെ പോലെയുള്ള നഴ്സുമാരെ നമ്മള്‍ എക്കാലവും ഓര്‍ക്കും. കാരണം ഒരിക്കലും വിലമതിക്കാനാവാത്തതാണ് അവരുടെ മഹത്വം, മന്ത്രി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top