വടക്കാഞ്ചേരിയേയും വവ്വാലിനേയും ഒരുമിച്ച് കണ്ടാല്‍ വടക്കാഞ്ചേരിയെ ആദ്യം ഓടിക്കുക; നിപ രോഗികളെ ചികിത്സിച്ച ഡോക്ടര്‍ ബിജിന്‍ ജോസഫ്

ബിജിന്‍ ജോസഫ്

നിപ വൈറസിനെക്കുറിച്ച് സമൂഹമാധ്യങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ മരിച്ച നഴ്സ് ലിനിയെ അടക്കം ചികിത്സിച്ച താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജനായ ഡോക്ടര്‍ ബിജിന്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. സമൂഹമാധ്യമങ്ങിലൂടെ തെറ്റിദ്ധാരണകള്‍ പരത്തുന്ന ജേക്കബ് വടക്കാഞ്ചേരിയെപോലെയുള്ളവരെ കണക്കിന് വിമര്‍ശിച്ചാണ് ബിജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. വ്യാജ ചികിത്സകരുടെ പ്രചാരവേലകളില്‍ വീഴരുത്. വടക്കാഞ്ചേരിയേയും വവ്വാലിനേയും ഒരുമിച്ച് കണ്ടാല്‍ വടക്കാഞ്ചേരിയെ ആദ്യം ഓടിക്കണം. വടക്കന്‍ നിങ്ങളെ എപ്പോഴും വെടക്കാക്കും എന്ന് ബിജിന്‍ പറയുന്നു. ഇതോടൊപ്പം രോഗത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പുകളും ബിജിന്‍ പങ്കുവയ്ക്കുന്നു.

ബിജിന്‍ ജോസഫിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

കോഴിക്കോട് ജില്ലയിൽ പേരാമ്പ്രയിൽ Nipah വൈറസ് ബാധയെ തുടർന്ന് ഉണ്ടായ മരണങ്ങളെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കുമല്ലോ..ഇതിനെ തുടർന്ന് ജനങ്ങൾ അത്യധികം ഭീതിയിലാണ്…ഈ സാഹചര്യം മുതലെടുത്ത് കിംവദന്തികളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നവരും വ്യാജചികിത്സകരും സജീവമായിട്ടുണ്ട്.അതുകൊണ്ടുതന്നെ രോഗം, പ്രതിരോധ പ്രവർത്തനങ്ങൾ,രോഗ ചികിത്സയുടെ സാധ്യതകൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളും ആരോഗ്യ പ്രവർത്തകരും അറിഞ്ഞിരിക്കേണ്ടതുണ്ട്.. വിസ്താര ഭയമുള്ളത് കൊണ്ട് Nipah വൈറസിന്റെ ചരിത്രം മുതലായ കാര്യങ്ങൾ എഴുതുന്നില്ല.Nipah virus ബാധയാണ് മരണകാരണമെന്ന് കണ്ടെത്തിയ 2 പേരെ പരിശോധിക്കുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്ത ഡോക്ടറെന്ന നിലയിൽ ചില അനുഭവങ്ങൾ പറയാം.

ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ കാഷ്വാൽറ്റിയിൽ സാലിഹ് എന്ന യുവാവ് പനിബാധിതനായി വന്നിരുന്നു. നാല് ദിവസത്തെ പനിയും തലവേദനയും ശരീരവേദനയുമായിരുന്നു ലക്ഷണങ്ങൾ… ആശുപത്രിയിലെത്തി കുറച്ച് സമയം കഴിഞ്ഞപ്പോൾ മുതൽ സ്ഥലകാലബോധം നഷ്ടപ്പെട്ട പോലെ പെരുമാറാൻ തുടങ്ങി.അവസ്ഥ മോശമായി തുടങ്ങിയപ്പോൾ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ഹോസ്പ്പിറ്റലിലേക്ക് റഫർ ചെയ്തു.. അവിടെ വെച്ച് മരണപ്പെട്ടു.അദ്ദേഹത്തിന്റെ സഹോദരനടക്കം മൂന്നു പേർ അവരുടെ വീട്ടിൽ മരണത്തിന് കീഴടങ്ങി.മറ്റ് കുടുംബാംഗങ്ങൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലുമാണ്.കുറെനാളായി ഉപയോഗത്തിലില്ലായിരുന്ന കിണർ നന്നാക്കിയ കാര്യം കൂടെ വന്നവർ പറഞ്ഞിരുന്നു. കൂടുതൽ ജോലി ചെയ്തത് കൊണ്ടാണ് പനിയും ശരീരവേദനയുമെന്നാണ് കൂട്ടിരിപ്പുകാർ ആശ്വസിച്ചത്.എങ്കിലും സാലിഹിന്റെ സഹോദരൻ രണ്ടാഴ്ച മുൻപ് ഇത്തരത്തിലുള്ള പനിബാധിച്ച് മരിച്ചതു കൊണ്ട് എല്ലാവരുടെയും മുഖത്ത് കടുത്ത ആശങ്ക നിഴലിച്ച് നിന്നിരുന്നു.ഉപയോഗമില്ലാതെ കിടന്ന കിണറായത് കൊണ്ട് വാവലുകളുടെ താവളമായിരുന്നു ആ കിണർ എന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്കായി കിണർ ആരോഗ്യ വകുപ്പധികൃതർ സീൽ ചെയ്ത് വെച്ചിരിക്കുകയാണ്.സാഹചര്യ തെളിവുകൾ വെച്ച് നോക്കുമ്പോൾ വാവലുകളിൽ നിന്നാണ് രോഗാണു പകർന്നു കിട്ടിയതെന്ന് അനുമാനിക്കാം.എങ്കിലും അത്തരത്തിലുള്ള നിഗമനത്തിൽ എത്തുന്നതിനു മുൻപ് വാവലുകളിൽ നിന്ന് രോഗാണുവിനെ വേർതിരിച്ചെടുക്കണം.

ഇന്നലെ മരണപെട്ട പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ലിനിയാണ് ഞാൻ കണ്ട മറ്റൊരു രോഗി.Nipah വൈറസ് ബാധയുള്ള രോഗികളെ പരിചരിച്ചതു വഴിയാണ് രോഗം പകർന്ന് കിട്ടിയത്.ഈ കഴിഞ്ഞ ശനിയാഴ്ച അതിരാവിലെയാണ് താലൂക്ക് ഹോസ്പ്പിറ്റലിൽ നിന്നും അവരെത്തുന്നത്.. മൂന്ന് ദിവസമായുള്ള പനിയും ശരീരവേദനയും തലവേദനയുമായിരുന്നു ലക്ഷണങ്ങൾ.pulse , blood pressure തുടങ്ങിയ vitals സാധാരണമായിരുന്നു. ക്ഷീണിതയായിരുന്നെങ്കിലും രോഗവിവരം എന്നോടും എന്റെ കൂടെയുള്ള സ്റ്റാഫിനോടും വിശദമായി പറഞ്ഞു.രക്തപരിശോധനയിൽ ചെറിയ രീതിയിലുള്ള leucopenia( ശ്വേതരക്താണുക്കളുടെ കുറവ്), thrombocytopenia (platelet കുറവ്)എന്നിവ മാത്രമേ കാര്യമായി പറയാനുള്ളായിരുന്നു..രാവിലെ ഞങ്ങളുടെ മെഡിസിൻ കൺസൾട്ടണ്ടിനെ കാണിച്ച് ചികിത്സ തീരുമാനിക്കുവാൻ നിരീക്ഷണത്തിൽ വെച്ചു..കുറച്ച് കഴിഞ്ഞപ്പോൾ disorientation ഉണ്ടായി. മരണഭയം അവരുടെ മുഖത്ത് വ്യക്തമായിരുന്നു. മെഡിസിൻ ഡോക്ടർ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് refer ചെയ്തു.അവിടെ വെച്ച് ആ സഹോദരി മരണത്തിന് കീഴടങ്ങി. രോഗീപരിചരണത്തിനുവേണ്ടി അവർ സ്വന്തം ജീവൻ ബലി കൊടുത്തു.
ഇപ്പോൾ ചികിത്സയിലിരിക്കുന്ന 26 വയസ്സുള്ള യുവാവാണ് മറ്റൊരാൾ. പനിബാധി്ച്ച് ചികിത്സ തേടിയെത്തിയ അയാൾക്ക് വളരെ പെട്ടെന്ന് സ്ഥലകാലബോധം നഷ്ടപ്പെടുകയും അപസ്മാരമുണ്ടാവുകയും ചെയ്തു.വന്നപ്പോൾ സാധാരണ നിലയിലായിരുന്ന B.P വളരെയധികം കൂടി.meningiencephalitis& myocarditis ഉണ്ടായതിന്റെ എല്ലാ ലക്ഷണങ്ങളും കണ്ടു… (തലച്ചോറിനേയും ഹൃദയത്തേയും ബാധിക്കുന്ന അവസ്ഥ)… മരുന്നുകളോട് വേണ്ടത്ര രീതിയിൽ പ്രതികരിക്കാത്തത് കൊണ്ട് അയാളെയും refer ചെയ്തു.ഈ യുവാവിന് Nipah വൈറസ് infection ആണോ എന്നതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല..

ഇത്തരത്തിൽ ഒട്ടനവധി രോഗികളെ ചികിത്സിച്ചതിനു ശേഷമാണ് Nipah virus infection ആണെന്ന് സ്ഥിരീകരണം വന്നത്… അതിനുശേഷവും സാമാന ലക്ഷണങ്ങളുള്ള രോഗികളെ പരിശോധിച്ചു. രോഗം വളരെ ഗുരുതരമാണെന്നും വളരെ പെട്ടെന്ന് മരണകാരകമാകുന്നതുമാണെന്ന് അറിഞ്ഞിരിക്കണം. നൂറു കണക്കിന് ആരോഗ്യരക്ഷാ പ്രവർത്തകരാണ് സ്വന്തം ജീവൻ പണയം വെച്ച് ജോലി ചെയ്യുന്നത്.അനാവശ്യമായ ഭീതികൊണ്ട് കാര്യമില്ല.സാധ്യമായ എല്ലാ മുൻകരുതലും പ്രതിരോധമാർഗ്ഗങ്ങളും സ്വീകരിക്കുക.
രോഗത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലായ ഉടൻ തന്നെ ആരോഗ്യവകുപ്പും അതിന് നേതൃത്വം നൽകുന്ന ആരോഗ്യമന്ത്രിയും തങ്ങളാലാകാവുന്ന വിധം ചികിത്സാസൗകര്യങ്ങൾ നൽകാനും പ്രതിരോധ പ്രവർത്തനങ്ങൾക്കും പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്.സ്വകാര്യ ആശുപത്രികളും ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘടനകളും പരിപൂർണ്ണ സഹകരണം വാഗ്ദാനം ചെയ്ത് കഴിഞ്ഞു. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് നിന്ന് ഈ വിപത്തിനെ നേരിടണം..

പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പുകൾ
1. വ്യാജ ചികിത്സകരുടെ പ്രചാരവേലകളിൽ വീഴരുത്. ഉദാ… വടക്കാഞ്ചേരിയേയും വാവലിനേയും ഒരുമിച്ച് കണ്ടാൽ വടക്കാഞ്ചേരിയെ ആദ്യം ഓടിക്കുക.വടക്കൻ നിങ്ങളെ എപ്പോഴും വെടക്കാക്കും.. വാവൽ ചിലപ്പോൾ മാത്രമേ നിങ്ങളുടെ ഭക്ഷണത്തിലേക്ക് കാഷ്ഠിക്കുകയുള്ളു.. തട്ടിപ്പുകാരിൽ നിന്നും കമ്മീഷൻ വാങ്ങി അവരെ സംരക്ഷിച്ച് നടക്കുന്ന രാഷ്ട്രീയക്കാരെ പുച്ഛിച്ച് തള്ളുക…. മലപ്പുറം ഭാഷയിൽ പറഞ്ഞാൽ ഇലനക്കി പട്ടികളുടെ ചിറി നക്കി പട്ടികളാണ് അത്തരക്കാർ..
2. അനാവശ്യമായി ആശുപത്രികൾ കയറിയിറങ്ങരുത്.
3. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വാവലുകളുടെ കാഷ്ഠവും മറ്റും വെള്ളത്തിൽ കലരാനിടയുണ്ട്.
4. രോഗലക്ഷണങ്ങൾ ഉള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക. ആവശ്യമായി വന്നാൽ ഗ്ലൗസ്, മാസ്ക് എന്നിവ ഉപയോഗിക്കുക… കൈ നന്നായി antiseptic solutions ഉപയോഗിച്ച് കഴുകുക.
5. രോഗം ബാധിച്ച് മരിച്ചവരുടെ ശവശരീരം കൈകാര്യം ചെയ്യുന്നവർ മുൻകരുതലുകളെടുക്കുക.
6. വാവലോ മറ്റോ ഭക്ഷിച്ച പഴങ്ങളുടെ ബാക്കി കഴിക്കാതിരിക്കുക. വാഴ കൂമ്പ് പോലെ വാവലുകൾ വന്നിരിക്കാനും കുടിക്കാനും സാധ്യതയുള്ള ഭക്ഷണ പദാർത്ഥങ്ങൾ തൽക്കാലത്തേക്ക് ഒഴിവാക്കുക.
7. ആഹാര പദാർത്ഥങ്ങൾ മൂടിവെച്ച് സൂക്ഷിക്കുക.
8. ഊരും പേരുമില്ലാത്ത maximum share എന്ന് ആവശ്യപ്പെടുന്ന വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുക.
9. എല്ലാ പനിയും Nipah വൈറസ് അല്ല..നമ്മൾ വാവലിനെ ബഹുമാനിക്കുന്നതു പോലെ കൊതുകിനേയും എലിയേയുമൊക്കെ വിലവെക്കണം.. മഴക്കാലത്ത് അധികമായി കാണുന്ന ഡെങ്കിപ്പനി, മലേറിയ,എലിപ്പനി തുടങ്ങിയ സർവ്വസാധാരണമായ രോഗങ്ങളെ പ്രതിരോധിക്കാൻ വിട്ടുപോകരുത്.
10.ഗാലറിയിലിരുന്ന് കളി കാണാനും മാർക്കിടാനും എളുപ്പമാണ്… മെസിക്കും റോണാൾഡോയ്ക്കും വരെ നമ്മൾ മാർക്കിടും..ഈ സന്നിഗ്ദ ഘട്ടത്തിൽ സ്വന്തം ജീവൻ പണയം വെച്ച് കൊണ്ട് കർമ്മരംഗത്ത് വ്യാപൃതരായിരിക്കുന്ന ആരോഗ്യ പ്രവർത്തകരെ പ്രശംസിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

DONT MISS
Top