നിപ; 136 പേർ നിരീക്ഷണത്തിൽ, കോഴിക്കോട് പൊതുപരിപാടികള്‍ക്ക് വിലക്ക്

ഫയല്‍ചിത്രം

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടര്‍ന്ന് 136 പേർ നിരീക്ഷണത്തിൽ. 160 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 13 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 19 പേർ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ഇന്ന് ഒരാള്‍ കൂടി മരിച്ചിരുന്നു. ചങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. നിപ ബാധിച്ച് മരിച്ച സഹോദരങ്ങളായ സാബിതിന്റെയും സാലിഹിന്റെയും പിതാവാണ് മൂസ. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മൂസയ്ക്ക് നിപ വൈറസ് സ്ഥിരീകരിച്ചതാണ്. മൂസ കൂടി മരിച്ചതോടെ മരണം 12 ആയി.

നിപ വൈറസ് ബാധിച്ചവര്‍ക്ക് നല്‍കാനായി കോഴിക്കോട് മരുന്ന് എത്തിച്ചിരുന്നു. ഇന്ന് 8000 ഗുളികകള്‍ കൂടി എത്തിക്കും. രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിനുള്ള റിബ വൈറിന്‍ ഇന്നലെയും കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചിരുന്നു. ബാക്കി മരുന്നുകളാണ് ഇന്ന് എത്തുന്നത്. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ചതിനു ശേഷമേ രോഗികള്‍ക്ക് മരുന്നു നല്‍കുകയുള്ളു.

അതേസമയം  നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മെയ് 31 വരെ ജില്ലയിലെ മുഴുവൻ സർക്കാർ പൊതുപരിപാടികൾ, യോഗങ്ങൾ, ഉദ്ഘാടനങ്ങൾ, ജാഗ്രത പരിപാടികൾ എന്നിവ നിർത്തിവെക്കാൻ ജില്ലാ കളക്ടർ യുവി ജോസ് നിർദേശം നൽകിയിട്ടുണ്ട്. മെയ്31 വരെ റ്റ്യൂഷനുകൾ, ട്രെയിനിങ് ക്ലാസ്സുകൾ എന്നിവ നടത്തുന്നതും ജില്ലാ കളക്ടർ വിലക്കിയിട്ടുണ്ട്.

DONT MISS
Top